തിരുവല്ല : ഭക്തിയുടെ നിറവിൽ ശ്രീവല്ലഭ ക്ഷേത്രത്തിൽ പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിന് കൊടിയേറി. തുകലശേരി ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്നും വാദ്യഘോഷങ്ങളും,
നാമജപവും, വായ്ക്കുരവയുമായി ഭക്തജനങ്ങളുടെ
അകമ്പടിയോടെ ഘോഷയാത്രയായി രാവിലെ 6 മണിയ്ക്ക് പന്തീരായിരം നിവേദ്യത്തിനുള്ള പഴക്കുലകൾ ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടര്‍ന്ന് ഒരുക്കിയ പടറ്റിപഴം ദേവന് നിവേദിച്ച ശേഷം ഭക്തര്‍ക്ക് പ്രസാദ വിതരണവും നടത്തി.
9.30 ന് മഹാചതുശ്ശതം വഴിപാട് നടത്തി. 10.55 നും 11.30 മദ്ധ്യേയുള്ള ശുഭമുഹൂർത്തിൽ തന്ത്രി മേമന ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു. മേൽശാന്തിമാരായ ചൂരൂര് മഠം ശ്രീകുമാർ നമ്പൂതിരി, രമേശ് വിഷ്ണു എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ദേവസ്വം ബോർഡ് ജീവനക്കാർ, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങൾ, ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കൊടിയേറ്റ് സദ്യയും ഒരുക്കിയിരുന്നു.