ഡല്‍ഹി : ഫെബ്രുവരി 27ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധിക്ക് ഒരു ദിവസം ബാക്കിനില്‍ക്കെ, കോണ്‍ഗ്രസും, ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി.രാജസ്ഥാനില്‍ നിന്ന് മുതിർന്ന നേതാവ് സോണിയ ഗാന്ധിയെയും ഹിമാചല്‍ പ്രദേശില്‍ നിന്ന് പാർട്ടി വക്താവ് അഭിഷേക് മനു സിംഗ്വിയെയും മഹാരാഷ്ട്രയില്‍ നിന്ന് മുൻ മന്ത്രി ചന്ദ്രകാന്ത് ഹന്ദോറെയെയും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു.
ബിഹാറില്‍ പാർട്ടി നേതാവ് അഖിലേഷ് പ്രസാദ് സിങ്ങിനെയാണ് പാർട്ടി വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കനായി തിരഞ്ഞെടുത്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഒഡീഷയില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള രാജ്യസഭാ സ്ഥാനാർത്ഥികളായി കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണുവിനെയും എല്‍ മുരുകനെയും ബിജെപിയും പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ടാല്‍, ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് നേതാക്കളുടെ രണ്ടാം രാജ്യസഭ ടേമായിരിക്കും ഇത്. 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള മൊത്തം 56 രാജ്യസഭാംഗങ്ങള്‍ ഏപ്രിലില്‍ വിരമിക്കുന്ന ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27 നാണ് തിരഞ്ഞെടുപ്പ്.
രാജസ്ഥാനില്‍ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനായി സോണിയാ ഗാന്ധി ഇന്ന് രാവിലെ ജയ്പൂരിലെത്തി. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എക്സില്‍ പറഞ്ഞു, “ബഹുമാനപ്പെട്ട ശ്രീമതിയുടെ പ്രഖ്യാപനത്തെ ഞങ്ങള്‍ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസ് പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥി രാജ്യത്തിന്റെ പ്രധാനമന്ത്രി പദം ഉപേക്ഷിച്ച സോണിയാ ഗാന്ധിയാണ്. “ഇന്ന് രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി അവരുടെ പ്രഖ്യാപനം സംസ്ഥാനത്തിന് മുഴുവൻ സന്തോഷകരമായ കാര്യമാണ്, ഈ പ്രഖ്യാപനത്തോടെ പഴയ ഓർമ്മകളെല്ലാം പുതുക്കിയിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. കാല് നൂറ്റാണ്ടായി ലോക്സഭാ അംഗമായ സോണിയ ഇതാദ്യമായാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സോണിയയുടെ അഭാവത്തില്‍ മകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാദ്ര റായ്ബറേലിയില്‍ തന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് സൂചന.
നിലവിലെ അവസ്ഥയില്‍ രാജ്യസഭയിലേക്കുള്ള കർണാടകയിലെ നാലില്‍ മൂന്ന് സീറ്റുകളും തെലങ്കാനയിലെ മൂന്നില്‍ രണ്ട് സീറ്റുകളും ഹിമാചല്‍ പ്രദേശിലും മധ്യപ്രദേശിലും ഓരോ സീറ്റും കോണ്‍ഗ്രസിന് ലഭിക്കും. ഏപ്രില്‍ 2, 3 തീയതികളില്‍ വിരമിക്കുന്ന 56 എംപിമാരില്‍ 28 പേർ ബിജെപിയില്‍ നിന്നും 10 പേർ കോണ്‍ഗ്രസില്‍ നിന്നുമാണ്. മഹാരാഷ്ട്രയില്‍ ഒരു അംഗത്തെ തിരഞ്ഞെടുക്കാനും കോണ്‍ഗ്രസിന് കഴിയും. എന്നാല്‍ മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ കൂറുമാറ്റവും പാർട്ടി എംഎല്‍എമാർ രാജിവച്ചേക്കുമെന്ന ഊഹാപോഹവും ഇക്കാര്യത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.