ഡല്‍ഹി : അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ച തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടിക്കെതിരേ ശരദ് പവാർ സുപ്രീംകോടതിയെ സമീപിച്ചു. അഭിഭാഷകനായ അഭിഷേക് ജെബരാജ് വഴിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എൻസിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അജിത് പവാർ ഗ്രൂപ്പിന് അനുവദിച്ചുകൊണ്ട് തെരഞ്ഞെടുപ്പു കമ്മീഷൻ കഴിഞ്ഞ ആറിനു പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്താണു ഹർജി. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തന്‍റെ വിഭാഗത്തിനു പേര് തെരഞ്ഞെടുക്കാൻ ശരദ് പവാറിനോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞവർഷം ജൂലൈയില്‍ അജിത് പവാർ ബിജെപിയുമായി സഖ്യത്തിലായതിനു പിന്നാലെയാണ് എൻസിപിയില്‍ ഭിന്നത ഉടലെടുത്തത്. പിന്നീട് മഹാരാഷ്‌ട്രയിലെ ബിജെപി, ശിവസേന ഷിൻഡെ വിഭാഗം സർക്കാരില്‍ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ജൂലൈയില്‍ തന്നെ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം ആവശ്യപ്പെട്ടു ശരദ് പവാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും അജിത് പവാറിനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടു മഹാരാഷ്‌ട്ര സ്പീക്കർക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഈ മാസം 15 വരെയാണ് അയോഗ്യതാ ഹർജികള്‍ തീർപ്പാക്കാൻ സുപ്രീംകോടതി സ്പീക്കർക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി.