പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളില്‍ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം. നൂറ് കണക്കിന് കുടുംബങ്ങള്‍ വീടും സ്ഥലവും ഒഴിഞ്ഞുപോകാനൊരുങ്ങുന്നു. ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്ത് പ്രദേശങ്ങളിലും റാന്നിയിലെ വടശേരിക്കര, നാറാണംമൂഴി, പെരുനാട്, വെച്ചൂച്ചിറ പഞ്ചായത്തുകളിലും താമസിക്കുന്നവരാണ് നാടുവിടാൻ ശ്രമിക്കുന്നത്. കാട്ടാനകളും പന്നികളും കുരങ്ങൻമാരും കൃഷികള്‍ നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുന്നതും പതിവാണ്.
അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് പുറത്തിറങ്ങാനും സ്കൂളുകളില്‍ പോകാനും കഴിയാത്ത സാഹചര്യമാണുള്ളത്. വേനല്‍ക്കാലത്ത് കാട്ടാന കൂടുതലായി നാട്ടിലിറങ്ങുന്നുണ്ട്. വെള്ളവും ഭക്ഷണവും തേടിയാണ് വരവ്. പുഴകളോടു ചേർന്ന ഭാഗത്ത് കാടിറങ്ങുന്ന ആന, നീന്തി ജനവാസ മേഖലയിലേക്കെത്തുകയാണ് രീതി. ചിറ്റാർ അള്ളുങ്കല്‍ ഭാഗത്ത് ജനവാസ മേഖലയില്‍ കാട്ടാന എത്തുന്നത് നിത്യ സംഭവമാണ്.