തിരുവല്ല : പരുമലയിൽ ചായക്കടക്കാരന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 60 വയസ്സുകാരൻ മരിച്ചു. വെണ്മണി പുന്തല റിയാസ് ഭവനിൽ മുഹമ്മദ് റാവുത്തർ ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 21ന് രാത്രി 9 മണിയ്ക്കായിരുന്നു മുഹമ്മദ് റാവുത്തർക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ പുളിക്കീഴ് പോലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പരുമല കോട്ടക്കമാലി കോളനിയിൽ വാലു പറമ്പിൽ വീട്ടിൽ മാർട്ടിൻ (48 ) റിമാന്റിൽ കഴിയുകയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിക്ക് മുമ്പിൽ ചായക്കട നടത്തുകയാണ് പ്രതിയായ മാർട്ടിൻ . ഇയാളുടെ കടയിൽ നിന്നും ചായ കുടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മുഹമ്മദ് റാവുത്തരെ പ്രതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് റാവുത്തർ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മരണപ്പെട്ടത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുമെന്ന് ഡിവൈഎസ്പി എസ് അർഷാദ് പറഞ്ഞു.