കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ കയ്യില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചാലക്കുഴി സ്വദേശി സതീഷ് കുമാർ ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ തിരുവാർപ്പ് സ്വദേശിനിയായ വീട്ടമ്മക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേഴ്സിംഗ് അസിസ്റ്റന്റ് ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് ഇയാള്‍ തന്റെ മൊബൈല്‍ ഫോണിലൂടെ നിർമ്മിച്ച വ്യാജ ഉത്തരവ് വീട്ടമ്മയ്ക്ക് നല്കി. എന്നാല്‍ നിയമനത്തിനായി എത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ട വിവരം വീട്ടമ്മ മനസിലാക്കുന്നത്. പിന്നീട് ജോലി ലഭിക്കാതെയും, പണം തിരികെ നല്‍കാതിരുന്നതിനെയും തുടർന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ഹരിപ്പാട്, കീഴുവായ്പൂർ എന്നീ സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുകളില്‍ പ്രതിയാണ് എന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.