തിരുവനന്തപുരം : ഒന്നും രണ്ടുമല്ല, രണ്ട് മാസത്തിനിടെ ഇത് മൂന്നാം വട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുകയാണ്. ഈ മാസം 27നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുക. ബി ജെ പി അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. മറ്റ് ചില ഔദ്യോഗിക പരിപാടിയിൽ കൂടി പ്രധാനമന്ത്രി പങ്കെടുത്തേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനിയിട്ടില്ല.
രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലേക്കെത്തുന്നത്. തമിഴ്നാട്ടിലും കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശനം നടത്തി. നിരന്തരമുള്ള സന്ദർശനം മോദി ദക്ഷിണേന്ത്യയിൽ രണ്ടാം സീറ്റിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ വർധിപ്പിക്കുകയാണ്. ഈ വർഷം ആദ്യം, ജനുവരി മൂന്നിന് തൃശൂരിൽ മഹിളാ സംഗമത്തിൽ പങ്കെടുക്കാനാണ് മോദി ആദ്യമെത്തിയത്. പിന്നീട് ജനുവരി 16 നും 17നും കൊച്ചിയിലും ഗുരുവായൂരും പരിപാടികളിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതും ഈ വരവിനായിരുന്നു. ഇനി തിരുവനന്തപുരത്താണ് മോദിയെത്തുന്നത്. കേരള ബി ജെ പി മോദിയിൽ സകലപ്രതീക്ഷകളും അർപ്പിക്കുമ്പോഴാണ് തലസ്ഥാനത്തേക്കുളള മോദിയുടെ വരവ്.
തലസ്ഥാനത്ത് റോഡ് ഷോ അടക്കമുള്ള വലിയ പ്രചാരണ പരിപാടികൾക്ക് ബി ജെ പി ആലോചന നടക്കുന്നുണ്ടെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തലസ്ഥാനത്തെ മഹാസമ്മേളനത്തിൽ മോദിയുടെ ചില വമ്പൻ പ്രഖ്യാപനങ്ങൾക്കും സാധ്യതയേറെയാണ്.
മോദിയുടെ വരവോട് കൂടി കേരളത്തിൽ ബിജെപി പ്രവർത്തകർ വലിയ പ്രതീക്ഷയിലാണ്. തലസ്ഥാന സന്ദർശനം പ്രവർത്തകർക്കിടയിൽ ആഘോഷമാക്കാനുളള തീരുമാനത്തിലാണ് ബി ജെ പി.