നൂറ്റിമുപ്പത് പവനും പത്ത് ലക്ഷം രൂപയും വാങ്ങിയിട്ടും ആര്‍ത്തി അടങ്ങിയില്ല; പത്തനംതിട്ട അഴൂരില്‍ യുവതിക്ക് നേരിടേണ്ടി വന്നത് കൊടുംപീഡനങ്ങള്‍; മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനും കുടുംബവും തുലച്ചത് ഗവേഷകയുടെ ജീവിതം

പത്തനംതിട്ട: ഗാര്‍ഹിക- സ്ത്രീധനപീഡനങ്ങള്‍ പുതുവര്‍ഷത്തിലും തുടര്‍ക്കഥയാകുന്നു. അഴൂരില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ശാരീരിക- മാനസിക പീഡനങ്ങള്‍ക്ക് ഇരയായത് ഗവേഷകയായ യുവതിയാണ്. 2019 ജൂണിലായിരുന്നു യുവതിയും പത്തനംതിട്ട അഴൂര്‍ ഇരട്ടപ്പുളിക്കല്‍ നിഖില്‍ നിവാസില്‍ നിഖില്‍ ജേക്കബും തമ്മിലുള്ള വിവാഹം. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ നിഖിലിന്റെത് നാട്ടില്‍ അറിയപ്പെടുന്ന കുടുംബമാണ്. പിതാവ് ജേക്കബ് ഇ ജോസഫ് കേരള കോണ്‍ഗ്രസിലെ നേതാവും സജീവ പ്രവര്‍ത്തകനും. വിവാഹ സമ്മാനമായി യുവതിക്ക് നൂറ്റിമുപ്പത് പവന്‍ സ്വര്‍ണ്ണാഭരണവും പത്ത് ലക്ഷം രൂപയുമാണ് വീട്ടുകാര്‍ നല്‍കിയത്. ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹച്ചിലവുകള്‍ വഹിക്കേണ്ടത് വരന്റെ കുടുംബമാണെങ്കിലും ആ ചിലവുകള്‍ വരെ യുവതിയുടെ കുടുംബമാണ് വഹിക്കേണ്ടി വന്നത്. താല്ക്കാലികമായി പറഞ്ഞ കാരണങ്ങളില്‍ അസാധാരണത്വം തോന്നാതിരുന്നതിനാല്‍ യുവതിയുടെ വീട്ടുകാര്‍ക്കും സംശയമുണ്ടായില്ല.

Advertisements

എന്നാല്‍, വിവാഹ ശേഷം യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മാനസിക- ശാരീരിക പീഡനങ്ങളാണ്. സ്ത്രീധനം കുറഞ്ഞ് പോയെന്ന് ആരോപിച്ച് നിഖിലും പിതാവ് ജേക്കബും അമ്മ രമണിയും പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങി. ശാരീരിക പീഡനങ്ങളെ തുടര്‍ന്ന് നിരവധി തവണ വൈദ്യ സഹായമുള്‍പ്പെടെ തേടിയിരുന്നു. വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ട എന്ന ചിന്തയില്‍ പീഡനങ്ങള്‍ പുറത്ത് പറയാതെ തുടരുന്നതിനിടയില്‍ യുവതി ഗര്‍ഭിണിയായി. ഇതോടെ ഉപദ്രവങ്ങളുടെ തോതും വര്‍ധിച്ചു. കുഞ്ഞ് തന്റേതല്ല എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും ശാരീരിക പീഡനങ്ങളും പരിധി കടന്നതോടെ യുവതി സ്വന്തം വീട്ടില്‍ തിരികെയെത്തി. കുഞ്ഞ് ജനിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും വന്ന് കാണാനോ ചിലവുകള്‍ വഹിക്കാനോ നിഖിലും കുടുംബവും തയ്യാറായില്ല. ഇതിനിടയില്‍ വിവാഹബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ട് യുവതിക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ നിയമപരമായി മുന്നോട്ട് പോകാന്‍ യുവതിയും കുടുംബവും തീരുമാനിച്ചു. തുടര്‍ന്ന് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഗാര്‍ഹിക- സ്ത്രീധന പീഡനത്തിന് അറസ്റ്റിലായ നിഖില്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മര്‍ച്ചന്റ് നേവിയിലെ ജോലിയും അനിശ്ചിതത്വത്തിലായി. സ്ത്രീധനമായി വാങ്ങിയ സ്വര്‍ണ്ണവും പണവും നിഖിലും കുടുംബവും ദൂര്‍ത്തടിച്ച് നശിപ്പിച്ച ശേഷമാണ് വീണ്ടും പണത്തിനും സ്വര്‍ണ്ണത്തിനിമായി യുവതിയെ പീഡിപ്പിച്ചത്. ഗവേഷകയായ യുവതിയും കുഞ്ഞും വീട്ടുകാരുടെ സംരക്ഷണത്തിലാണ് നിലവില്‍ കഴിയുന്നത്. നിരവധി സ്ത്രീധന പീഡന വാര്‍ത്തകള്‍ അറിഞ്ഞ ശേഷവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി പൊലീസ് പറഞ്ഞു.

Hot Topics

Related Articles