തിരുവനന്തപുരം : സിവില്‍ സപ്ലൈസില്‍ ലഭിക്കുന്ന എല്ലാ സാധനങ്ങള്‍ക്കും 35% സബ്സിഡി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി സജി ചെറിയാൻ.മുഴുവൻ സാധനങ്ങളുടെയും വില ഏകീകരിച്ച് 25 ശതമാനത്തില്‍ നിന്ന് 10% കൂടി ഉയർത്തുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ ഇതു മനസ്സിലാക്കാതെയാണ് പ്രചാരണം നടത്തുന്നതെന്ന് സജി ചെറിയാൻ പറഞ്ഞു.
സിഎംആർഎല്‍ വിവാദത്തില്‍ സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിലും മന്ത്രി സജി ചെറിയാൻ മറുപടി നല്കി. ആരോപണം ഉന്നയിക്കുന്നവർ കോടതിയില്‍ പോകണമെന്ന് മന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവർ കേസ് കൊടുക്കാനും തെളിവ് നല്‍കാനും തയ്യാറാകണം. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് സർക്കാരിനെ ബോധപൂർവ്വം ഇകഴ്ത്തി കാട്ടാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രിസഭായോഗം അംഗീകാരം നല്കിയ പുതിയ വിലയ്ക്കാകും മാവേലി സ്റ്റോറുകളില്‍ ഇനി സബ്സിഡി സാധനങ്ങള്‍ ലഭിക്കുക. പുതിയ നിരക്ക് അനുസരിച്ച് 13 ഇനം സാധനങ്ങളില്‍ എറ്റവും വിലകൂടിയത് മുളകിനാണ്.
37.50 രൂപയ്ക്ക് ലഭിച്ചിരുന്ന അരക്കിലോ മുളക് വാങ്ങാൻ ഇനി 82 രൂപ നല്‍കേണ്ടിവരും. 44.50 രൂപയാണ് വർധിച്ചത്. 65 രൂപ ആയിരുന്ന തുവരപ്പരിപ്പിന് 46 രൂപ വർദ്ധിച്ച് 111 രൂപയായി. വൻപയറിന് 31 രൂപ കൂടി. വില കാര്യമായി കൂടിയ മറ്റൊരു ഇനം ഉഴുന്നാണ്. 66 രൂപ ആയിരുന്ന ഉഴുന്ന് 29 രൂപ കൂടി 95 രൂപയായി. വൻകടല കിലോയ്ക്ക് 27 രൂപയും ചെറുപയറിന് 19രൂപയും പഞ്ചസാരയ്ക്ക് 6 രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയുമാണ് കൂടിയത്. കുറുവ, മട്ട അരികള്‍ക്ക് 5 രൂപയും ജയ അരിക്ക് നാല് രൂപയും കൂടിയിട്ടുണ്ട്.
25 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഇനങ്ങള്‍ വാങ്ങാൻ 30 രൂപ വരെ ഇനി നല്‍കണം. പച്ചരിക്ക് മൂന്ന് രൂപ കൂടിയപ്പോള്‍ മല്ലിക്ക് 50 പൈസ കുറഞ്ഞു. മല്ലിവില കണക്കാക്കിയപ്പോള്‍ പിശക് പറ്റിയോ എന്ന കാര്യം ഭക്ഷ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. ഉഴുന്ന്, പയർ ഇനങ്ങള്‍ മാത്രമാണ് നിലവില്‍ മാവേലി സ്റ്റോറുകളില്‍ സ്റ്റോക്ക് ഉള്ളത്. സാധനങ്ങള്‍ പുതിയ സ്റ്റോക്ക് വരുമ്പോള്‍ മാത്രമേ പുതിയ വില പ്രാബല്യത്തില്‍ ആകൂ.