പനച്ചിക്കാട് : സാമ്പത്തിക വർഷം തീരുവാൻ 45 ദിവസം മാത്രം അവശേഷിക്കെ പദ്ധതി വിഹിതത്തിൻ്റെ മൂന്നാം ഗഡു നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികൾ പരുത്തുംപാറ കവലയിൽ സായാഹ്ന ധർണ്ണ നടത്തി. രാജീവ് ഗാന്ധി പഞ്ചായത്തിരാജ് പരിപാലൻ സംഘതൻ്റെ ദേശീയ കോർഡിനേറ്റർ അർജുൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കൊല്ലാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ജയൻ ബി മഠം അദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്തിന് അനുവദിക്കപ്പെട്ട പദ്ധതി വിഹിതത്തിൻ്റെ മൂന്നാം ഗഡുവായ ഒരു കോടി ഏഴ് ലക്ഷം രൂപ പദ്ധതി നിർവ്വഹണം അവസാനിക്കാറായിട്ടും നൽകിയിട്ടില്ല. റോഡുകളുടെ റീ ടാറിങ്ങിനും റീ കോൺക്രീറ്റിംഗിനും അനുവദിക്കുന്ന തുക കഴിഞ്ഞ രണ്ടു വർഷമായി വെട്ടിക്കുറച്ചത് രണ്ടര കോടി രൂപയാണ്.
ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പിടുവാൻ മുഴുവൻ റോഡുകളും പൊളിച്ചിട്ടിരിക്കുന്നതിനാൽ മെയിൻ്റനൻസ് ഗ്രാൻ് കൂടുതൽ അനുവദിക്കേണ്ട അവസരത്തിലാണ് ഭീമമായ തുക വെട്ടിക്കുറച്ചിരിക്കുന്നത്. കഴിഞ്ഞ നവംബർ മുതൽ ട്രഷറിയിൽ നൽകിയ ബില്ലുകൾ മാറി തുക പഞ്ചായത്തിന് ലഭിക്കുവാനുണ്ട് . പഞ്ചായത്ത് സമർപ്പിച്ച 64 ബില്ലുകളുടെ 45 ലക്ഷം രൂപയാണ് ട്രഷറി നിയന്ത്രണത്തിൽ കുടുങ്ങി കിടക്കുന്നത്. കരാർ ഏറ്റെടുത്ത കമ്പനിക്ക് പണികൾ ചെയ്ത വകയിൽ 7 കോടി രൂപ ലഭിക്കാത്തതിനാൽ ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പണികൾ നിലച്ചിട്ട് മാസങ്ങളായി . കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് സിബി ജോൺ, പനച്ചിക്കാട് മണ്ഡലം പ്രസിഡൻ്റ് ഇട്ടി അലക്സ്, ജില്ലാ പചായത്തംഗം പി കെ വൈശാഖ്, ബാബുക്കുട്ടി ഈപ്പൻ, റോയി മാത്യു എബിസൺ കെഏബ്രഹാം എന്നിവർ പ്രസംഗിച്ചു.