കോട്ടയം: സ്കൂൾ വിദ്യാർഥികൾ മുതൽ കുടുംബശ്രീ പ്രവർത്തകർക്കും മുതിർന്നപൗരന്മാർക്കുമടക്കം വിവിധ മേഖലയിലുള്ളവർക്ക് ഈ വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ അംബാസിഡർമാരാകാൻ അവസരമൊരുക്കി കോട്ടയം ജില്ലാ തെരഞ്ഞെടുപ്പു വിഭാഗം. ഏറ്റവുമധികം പേരെ വോട്ടർ പട്ടികയിൽ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച് മികവു തെളിയിക്കുന്നവർക്കാണ് അംബാസിഡർമാരാകാൻ അവസരം. സ്കൂൾ വിദ്യാർഥികൾക്ക് ലിറ്റിൽ അംബാസിഡർ, കോളജ് വിദ്യാർഥികൾക്ക് യൂത്ത് അംബാസിഡർ, കുടുംബശ്രീ അംഗങ്ങൾക്ക് ഷീ അംബാസിഡർ, എസ്.സി.-എസ്.ടി. പ്രമോട്ടർമാർക്ക് അംബാസിഡർ, വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക് മുതിർന്ന അംബാസിഡർ, അങ്കണവാടി ജീവനക്കാർക്ക് അങ്കണവാടി അംബാസിഡർ, നെഹ്റു യുവകേന്ദ്രയ്ക്കു കീഴിലുള്ള യുവജന ക്ലബുകൾക്ക് യുവഅംബാസിഡറുമാകാനാണ് അവസരം. വോട്ടർബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായാണ് പരിപാടി നടക്കുന്നത് .അംബാസിഡർമാരായി തിരഞ്ഞെടുക്കുന്നവരെ ജില്ലാ ഭരണകൂടം പുരസ്കാരം നൽകി ആദരിക്കുന്നതാണ്. ഫെബ്രുവരി 19 മുതൽ 24 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള കാമ്പയിൻ നടക്കും. ഇതിൽ മികവു പുലർത്തുന്നവർക്കാണ് അംബാസിഡർമാരാകാൻ അവസരമൊരുങ്ങുക.