ഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ 370 സീറ്റുകളില്‍ വിജയം ലക്ഷ്യമാക്കുന്ന ബി.ജെ.പി., 2019-ല്‍ പരാജയപ്പെട്ട 161 മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധയൂന്നാൻ ഒരുങ്ങുന്നു.കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളിലാണ് പാർട്ടി ജയിച്ചത്. ഇത്തവണ പ്രത്യേകശ്രദ്ധ നല്കുന്ന 161 മണ്ഡലങ്ങളില്‍ 67 ഇടത്തുവിജയിക്കുന്നപക്ഷം അംഗബലം 370 ആയി ഉയർത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ബി.ജെ.പിക്ക് 370-ലധികം സീറ്റുകളും എൻ.ഡി.എയ്ക്ക് 400-ലധികം സീറ്റുകളും നേടേണ്ടതുണ്ടെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡല്‍ഹിയില്‍ ശനിയാഴ്ച ആരംഭിച്ച ബി.ജെ.പി. ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളെ കേന്ദ്രീകരിച്ച നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പാർട്ടി പ്രവർത്തകർ അടുത്ത നൂറുദിവസത്തില്‍ ബൂത്തുതലം മുതല്‍ വികസിത ഭാരതം, ഗ്യാൻ ( ഗരീബ്, യുവ, അന്നദാതാ, നാരി) എന്നിവയുടെ സന്ദേശം എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം പാർട്ടിയ്ക്കുണ്ടായ കുതിപ്പിനെക്കുറിച്ചും നഡ്ഡ പറഞ്ഞു. മോദി സർക്കാർ ഹാട്രിക് നേടുമെന്നും തുടർച്ചയായ മൂന്നാംവട്ടവും അധികാരം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019-ന് ശേഷം നടന്ന 26 തിരഞ്ഞെടുപ്പുകളില്‍ 16 തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് വിജയിക്കാനായി. മോദിയുടെയും അദ്ദേഹത്തിന്റെ ഗ്യാരണ്ടിയിലും ജനങ്ങള്‍ അർപ്പിച്ച വിശ്വാസം കൊണ്ടുമാത്രമാണ് ഇത് സാധ്യമായതെന്നും നഡ്ഡ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രതിപക്ഷം അനാവശ്യവും വൈകാരികവുമായ വിഷയങ്ങള്‍ ഉയർത്തുമെന്നും വികസനം, പാവപ്പെട്ടവർക്കായുള്ള നയങ്ങള്‍, രാജ്യത്തിന്റെ ആഗോളവളർച്ച എന്നീ വിഷയങ്ങളില്‍ ബി.ജെ.പി. പ്രവർത്തകർ ഉറച്ചുനില്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പറഞ്ഞു.
ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് യോഗങ്ങള്‍. പഞ്ചായത്ത് ഭാരവാഹികള്‍മുതല്‍ 11,500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് 210 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.ബി.ജെ.പി. ജയിക്കുന്ന 370 സീറ്റ് മുതിർന്ന നേതാവ് ശ്യാമപ്രസാദ് മുഖർജിക്കുള്ള ആദരവാണെന്ന് മോദി പറഞ്ഞു. ജമ്മു-കശ്മീരിന് പ്രത്യേകപദവി വ്യവസ്ഥചെയ്ത ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കണമെന്ന് തുടക്കംമുതല്‍ ആവശ്യപ്പെട്ട നേതാവാണ് ശ്യാമപ്രസാദ് മുഖർജി. ഓരോ ബൂത്തിലും 2019-ല്‍ നേടിയതിനെക്കാള്‍ 370 വോട്ടുകള്‍ വീതം കൂടുതല്‍ നേടണമെന്നും പ്രവർത്തകർക്ക് പ്രധാനമന്ത്രി നിർദേശം നല്കി.
ദക്ഷിണേന്ത്യയിലും ബി.ജെ.പി. കരുത്തുറ്റ പാർട്ടിയാണെന്ന് കണ്വെൻഷൻ ഉദ്ഘാടനംചെയ്ത ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. 2014-ല്‍ ബി.ജെ.പി.ക്ക് അഞ്ചുസംസ്ഥാനങ്ങളിലാണ് ഭരണമുണ്ടായിരുന്നത്. 2024-ല്‍ 12 സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യാണ് ഭരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന നേതാവ് മുരളീമനോഹർ ജോഷി, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവർ വേദിയില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച സമാപിക്കും.