കടുത്തുരുത്തി: പാഴ്വസ്തുക്കളും പഴയ പത്രങ്ങളും വിറ്റു കിട്ടിയ പണം ചികിത്സ സഹായ നിധിക്ക് സംഭാവനയായി നൽകി വിദ്യാർഥിനി. കടുത്തുരുത്തി സെന്റ്. കുര്യാക്കോസ് പബ്ലിക് സ്കൂളിലെ ഒമ്പതാംതരം വിദ്യാർഥിനി ലയാ മരിയ ബിജുവാണ് വാക്കാട് സ്വദേശിയായ ജോൺസന് ചികിത്സാസഹായം ആയി താൻ ശേഖരിച്ച ആയിരം രൂപ നൽകിയത്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഈ വിദ്യാർത്ഥിനി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി വീടുകൾ കയറിയിറങ്ങി പഴയ പത്രങ്ങളും ആക്രി സാധനങ്ങളും ശേഖരിച്ചിരുന്നു . കൂടാതെ സോഷ്യൽ സർവീസ് ക്ലബ് കോർഡിനേറ്റർമാർ നിർദ്ദേശിച്ചതനുസരിച്ച് വിത്ത് പേനകൾ, തുണിസഞ്ചികൾ, ചവിട്ടികൾ തുടങ്ങിയവ നിർമ്മിച്ചത് വിറ്റ് കിട്ടിയ പണവും കയ്യിലുണ്ടായിരുന്നു. ഈ പണം ഏതെങ്കിലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി കരുതിവയ്ക്കാൻ അധ്യാപക കോഡിനേറ്റർമാർ നിർദ്ദേശിച്ചിരുന്നു.
രോഗിയായ ജോൺസനെ കുറിച്ച് മലയാള മനോരമയിൽ വന്ന വാർത്ത വായിച്ച അധ്യാപികയാണ് ഈ പണം ചികിത്സ സഹായത്തിനായി നൽകാമെന്ന് നിർദ്ദേശം നൽകിയത് .ഇതനുസരിച്ച് സാധനങ്ങൾ വിറ്റു കിട്ടിയ 700 രൂപയും കയ്യിലുണ്ടായിരുന്ന പോക്കറ്റ് മണിയായ 300 രൂപയും കൂടി ചേർത്താണ് 1000 രൂപ ചികിത്സ സഹായനിധിക്ക് സംഭാവനയായി നൽകിയത്. ജോൺസന്റെ ചികിത്സാർത്ഥം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് ഇന്ന് ഭവനങ്ങൾ സന്ദർശിച്ച് ധനശേഖരണം നടത്തുന്നുണ്ടായിരുന്നു. ഇതറിഞ്ഞ് ലയ അമ്മയെയും കൂട്ടി വാക്കാട്ടിൽ എത്തുകയും അവിടെവച്ച് ധന ശേഖരണ സമിതിയെ ഈ പണം ഏൽപ്പിക്കുകയും ചെയ്തു . പാഴുത്തുരുത്ത് പുളിക്കയിൽ ബിജുവിന്റെ മകളായ ഈ കുട്ടി ചുറ്റുപാടുമുള്ള അശരണരെ സഹായിക്കുന്നതിലും സമൂഹത്തിന് ഗുണകരമായ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നതിലും വ്യാപൃതയാണ്. സ്കൂളിലെ സോഷ്യൽ സർവീസ് ക്ലബ്ബുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾക്ക് ലയ നേതൃത്വം നൽകിവരുന്നു.
കടുത്തുരുത്തി വലിയ തോടിലെ കുടിലിപ്പറമ്പിൽ കടവ് വൃത്തിയാക്കൽ, പാഴുത്തുരുത്ത് വെയിറ്റിംഗ് ഷെഡ് ഉപയോഗയോഗ്യമാക്കൽ, കടുത്ത വേനൽ ചൂടിൽ ജീവജാലങ്ങൾക്ക് വെള്ളവും ആഹാരവും തയ്യാറാക്കി വയ്ക്കൽ, വിവിധ കാർഷിക മേഖല പ്രവർത്തനങ്ങൾ തുടങ്ങിയവ ലയ നടത്തിയ സേവന പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്.
ലയയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജ്മെൻറും അധ്യാപകരും മാതാപിതാക്കളും പിടിഎയും പൂർണ്ണ സഹകരണം നൽകി വരുന്നു .ഇത്തവണത്തെ ക്ഷീര കർഷക അവാർഡ് ജേതാവിനെ പിടിഎ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ലയ കഴിഞ്ഞദിവസം സന്ദർശിച്ച് ആദരിച്ചിരുന്നു. പഠനത്തിരക്കിനിടയിൽ വീടുകൾ കയറിയിറങ്ങി താൻ സംഭരിച്ച പാഴ് വസ്തുക്കൾ വിറ്റ് കിട്ടിയ പണം ഒരു പാവപ്പെട്ട വ്യക്തിയുടെ ചികിത്സയ്ക്കായി നൽകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് ലയ അറിയിച്ചു.