ജയ്‌പൂര്‍: കോൺഗ്രസിൽ നിന്ന് മുൻനിര നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗമായ രാജസ്ഥാനിലെ എംഎൽഎ മഹേന്ദ്രജീത് സിംഗ് മാളവ്യയാണ് പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്നത്. സംസ്ഥാനത്ത് ഭരണം നഷ്ടപ്പെട്ട ശേഷം ഇദ്ദേഹം പാര്‍ട്ടിയിൽ പ്രതിപക്ഷ നേതൃ സ്ഥാനത്തിനായി അവകാശം ഉന്നയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി പരിഗണിച്ചില്ല. ഇതിൽ രോഷാകുലനായാണ് മഹേന്ദ്രജീത് സിംഗ് മാളവ്യ പാര്‍ട്ടി വിട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ ജനസ്വാധീനമുള്ള നേതാക്കൾ ഒന്നൊന്നായി പാര്‍ട്ടി വിടുന്ന സ്ഥിതിയാണുള്ളത്. നാല് തവണ എംഎൽഎയായിരുന്നു മഹേന്ദ്രജീത്ത് സിംഗ് മാളവ്യ. മുൻപ് മന്ത്രിയായും എംപിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് ദുങ്കര്‍പുര്‍-ബനസ്വര മേഖലയിൽ വലിയ സ്വാധീനമുണ്ട്. 2013 ൽ ബിജെപി സംസ്ഥാനത്ത് 163 സീറ്റ് നേടിയ തെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു മഹേന്ദ്രജീത്ത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇദ്ദേഹത്തെ തന്റെ സ്വാധീനമേഖലയിൽ തന്നെ ബിജെപി ലോക്സഭാ സീറ്റിലേക്ക് മത്സരിപ്പിക്കുമെന്നാണ് കരുതുന്നത്. മൂന്ന് ദിവസമായി ബിജെപി മുഖ്യമന്ത്രി ഭജൻലാൽ ശര്‍മ്മ, പാര്‍ട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി ഇദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ജയ്പൂരിൽ ബിജെപി ആസ്ഥാനത്താണ് ഇദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.