കോട്ടയം : കോട്ടയത്ത് പിടിച്ചെടുത്ത പഴകിയ മദ്യം നശിപ്പിച്ചു. കോടതി ഉത്തരവനുസരിച്ചാണ് കോട്ടയം റെയിൽവേ പോലീസിൻ്റെ നേതൃത്വത്തിൽ മദ്യം നശിപ്പിച്ചത്. ട്രെയിനിൽ കടത്തുകയായിരുന്ന പഴകിയ മദ്യം മുൻപ് പിറവത്ത് നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ മദ്യമാണ് കോടതി ഉത്തരവ് പ്രകാരം നശിപ്പിച്ചത്. പോണ്ടിച്ചേരിയിൽ നിന്നും ട്രെയിനിൽ അനധികൃതമായി കടത്തുകയായിരുന്ന മദ്യം 2002 ലാണ് പോലീസ് സംഘം പിടിച്ചെടുത്തത്. ഇതിനെ തുടർന്ന് കേസ് കോടതിയിൽ നിലനിൽക്കേ മദ്യം നശിപ്പിക്കുവാൻ ഇന്ന് വൈക്കം കോടതി ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവ് പ്രകാരം കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ പരിസരത്ത് തന്നെ മദ്യം നശിപ്പിക്കുകയായിരുന്നു. 250 മില്ലിയുടെ 564 കുപ്പിയാണ് പോലീസ് സംഘം നശിപ്പിച്ചത്.