കല്ലറ: ഗ്രാമ പഞ്ചായത്തില്‍ വിവരാവകാശ പ്രകാരം കൊടുത്ത അപേക്ഷയില്‍ വസ്തുതാ വിരുദ്ധമായ മറുപടിയാണ് പഞ്ചായത്ത് സെക്രട്ടറി നല്‍കിയതെന്ന് ഗ്രാമപ്പഞ്ചായത്തംഗം അരവിന്ദ് ശങ്കര്‍ വാർത്ത സമ്മേളനത്തില്‍ ആരോപിച്ചു. തെറ്റായ വിവരം നൽകിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്കെതിരെ വിവരാവകാശ അപ്പലേറ്റ് അതോറിറ്റിക്ക് പരാതി നല്കുമെന്നു പഞ്ചായത്തംഗം പറഞ്ഞു. നാലാം വാര്‍ഡിലെ വലിയകടവ്-കളമ്പുകാട് തോടിനു കുറുകെ സ്വകാര്യ വ്യക്തി നിര്‍മിച്ച പാലം നാട്ടുകാര്‍ പൊളിച്ചു മാറ്റിയെന്നു ആരോപിച്ചു വൈക്കം കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട കാര്യത്തിനാണ് വസ്തുതകള്‍ തേടി വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത്. പഞ്ചായത്തിന്റെ ആസ്തിയില്‍ ഈ തോടു ഉള്പ്പെട്ടിട്ടുള്ളതാണെന്നു പറയുന്ന മറുപടിയില്‍,എന്നാണ് തോട് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതെന്ന ചോദ്യത്തിന്, അതുസംബന്ധിച്ച രേഖ പഞ്ചായത്തില്‍ ലഭ്യമല്ലെന്നാണ് മറുപടിയില്‍ പറയുന്നതെന്ന് അരവിന്ദ് പറയുന്നു. 2009 മാര്‍ച്ച് 31-ന് ഈ തോട് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതായുള്ള രേഖ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് പഞ്ചായത്തംഗം അവകാശപ്പെടുന്നത്.