ആലുവ : രാജസ്ഥാനിലെ അജ്മീറില്‍നിന്ന് വെടിവെപ്പ് ഉള്‍പ്പെടെ അതിജീവിച്ച് സാഹസികമായി മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിന് റൂറല്‍ എസ്.പി. ഡോ. വൈഭവ് സക്സേനയുടെ അനുമോദനം. റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഓപ്പറേഷനില്‍ പങ്കെടുത്ത അഞ്ചുപേർക്കും ഓപ്പറേഷൻ കോർഡിനേറ്റ് ചെയ്ത എ.എസ്.പി. ട്രെയ്നി അഞ്ജലി ഭാവന ഐ.പി.എസ്., ഡിവൈഎസ്പി എ.പ്രസാദ്, സി.ഐ. എം.എം. മഞ്ജു ദാസ് എന്നിവർക്കും എസ്.പി. അഭിനന്ദനക്കത്ത് നല്കി.
സബ് ഇൻസ്പെക്ടർ എസ്.എസ്. ശ്രീലാല്‍, സി.പി.ഒമാരായ കെ.എം മനോജ്, വി.എ. അഫ്സല്, മാഹിൻഷാ, മുഹമ്മദ് അമീർ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അജ്മീറില്‍നിന്ന് സംഘം ഇന്നാണ് (ശനിയാഴ്ച) തിരിച്ചെത്തിയത്. ആലുവയിലെ രണ്ടു വീടുകളില്‍നിന്ന് 38 പവനും പണവും മോഷ്ടിച്ച കേസിലെ ഷെഹജാദ്, ഡാനിഷ് എന്നീ രണ്ടു പ്രതികളെയാണ് പോലീസ് അജ്മീറിലെത്തി പിടികൂടിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയുതിർത്ത പ്രതികളെ സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.ആക്രമണത്തില്‍ പതറാതെനിന്നതു കൊണ്ടാണ് പ്രതികളെ കീഴടക്കാൻ സാധിച്ചതെന്ന് സ്ക്വാഡ് തലവൻ എസ്.എസ്. ശ്രീലാല്‍ പറഞ്ഞു. ഒരാളെ പിടികൂടി കഴിഞ്ഞപ്പോഴാണ് മറ്റൊരാള്‍ വെടിയുതിർത്തത്. ഉടൻ രണ്ടാമനേയും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നെന്നും ശ്രീലാല്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസാമാന്യ ധൈര്യമാണ് അന്വേഷണ സംഘം പ്രകടിപ്പിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൃത്യസമയത്ത് വെള്ളമോ ഭക്ഷണമോ കഴിക്കാൻ നില്‍ക്കാതെ സമയം ഒട്ടും പാഴാക്കാതെയുള്ള യാത്രയായിരുന്നു. അർപ്പണ മനോഭാവമാണ് ഇതിന് പിന്നില്‍. ഇവർ സേനയുടെ അഭിമാനമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. സംഘത്തിന് ഡി.ജി.പിയുടെ ക്വാഷ് അവാർഡുള്‍പ്പടെയുള്ള പുരസ്ക്കാരത്തിന് ശുപാർശ ചെയ്യും. അജ്മീറില്‍ അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻ കേരളത്തിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അവിടത്തെ പോലീസിന്റെ സഹായം വലിയ തോതില്‍ ലഭിച്ചതായും എസ്.പി പറഞ്ഞു.