അയോദ്ധ്യ: ജനുവരി 22ന് നടന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ കാണിക്കയുടെ വിവരങ്ങള്‍ പുറത്തുവിട്ട് അധികൃതർ. ഏകദേശം 10 കിലോഗ്രാമോളം സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും ഇതിന് പുറമെ പണമായും ചെക്കായും ഡ്രാഫ്റ്റായും ലഭിച്ച 25 കോടി രൂപയുമാണ്.
ഒരു മാസത്തിനകം ക്ഷേത്രത്തിൽ ലഭിച്ചത്. അതേസമയം ട്രസ്റ്റിന്റെ ബാക്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് ലഭിക്കുന്ന തുകയുടെ കണക്ക് സമാഹരിച്ചിട്ടില്ലാത്തതിനാൽ ഈ വഴിയുള്ള തുക ഇതിൽ ഉള്‍പ്പെട്ടിട്ടില്ലെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു മാസത്തിനകം ഏതാണ്ട് 60 ലക്ഷത്തോളം പേർ ക്ഷേത്രത്തിൽ എത്തിയെന്നാണ് കണക്ക്. ഏപ്രിൽ 17ന് രാമനവമി ആഘോഷങ്ങള്‍ വരാനിരിക്കുന്നതിനാൽ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ എണ്ണത്തിലും കാണിക്കയായി ലഭിക്കുന്ന വരുമാനത്തിലും വലിയ വർദ്ധനവുണ്ടാകുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 50 ലക്ഷത്തോളം ഭക്തർ ഈ സമയത്ത് മാത്രം ക്ഷേത്രത്തിലെത്തുമെന്നാണ് കരുതുന്നത്.
രാമനവമി സമയത്ത് കാണിക്കയായും സംഭാവനയായും ലഭിക്കുന്ന തുകയിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് അത്യാധുനിക ഓട്ടോമാറ്റിക് നോട്ടെണ്ണൽ മെഷീനുകള്‍ എസ്.ബി.ഐ ക്ഷേത്ര കോംപ്ലക്സിൽ സ്ഥാപിക്കും. നിലവിൽ രണ്ട് ഷിഫ്റ്റുകളിലായാണ് പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്.
തീർത്ഥാടകര്‍ക്ക് രസീത് നൽകാൻ ഒരു ഡസനോളം കംപ്യൂട്ടർവത്കൃത കൗണ്ടറുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ അത്രയും എണ്ണം ബോക്സുകളും കാണിക്കയിടാനായി ക്ഷേത്ര കോപ്ലക്സിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. ഉടൻ തന്നെ പൂർണ സജ്ജമായ ഒരു കൗണ്ടിങ് റൂം പണം എണ്ണിത്തിടപ്പെടുത്താൻ വേണ്ടി മാത്രമായി ക്ഷേത്ര കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രകാശ് ഗുപ്ത പറഞ്ഞു.
ക്ഷേത്രത്തിൽ ലഭിച്ച സ്വർണവും വെള്ളിയും മറ്റ് അമൂല്യ ലോഹങ്ങളും ഉരുക്കി സൂക്ഷിക്കുന്നതിനുള്ള ചുമതല കേന്ദ്ര സർക്കാറിന്റെ നാണയ നിർമാണ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥരെത്തി പ്രവർത്തനങ്ങള്‍ തുടങ്ങിയതായി ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു. ഇതിന് പുറമെ സംഭവനകളും കാണിക്കകളും ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍, പണമായ നിക്ഷേപം എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നതിന് എസ്.ബി.ഐയെ ചുമതലപ്പെടുത്തിക്കൊണ്ട് ബാങ്കും ക്ഷേത്ര ട്രസ്റ്റും ധാരണപത്രം ഒപ്പുവെയ്ക്കുകയും ചെയ്തു.