രാത്രി അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.ഈ അപകടത്തില്‍ ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി. ഓഫീസില്‍നിന്ന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് തവണയും നോട്ടീസ് അവഗണിച്ചതോടെയാണ് നടന് എതിരായ നടപടിയിലേക്ക് എംവിഡി കടക്കുന്നത്. കഴിഞ്ഞ ജൂലായ് 29-ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു സുരാജ് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് (31) വലതുകാലിന് പരിക്കേറ്റത്. പാലാരിവട്ടം പൊലീസാണ് കേസെടുത്ത് തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറിയത്. സുരാജ്, പൃഥ്വിരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്‌ടറുടെ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചത്.