കണ്ണൂർ : ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ സി പി എം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കണ്ണൂരിലെ പാർട്ടിയിലും മാറ്റം ഉറപ്പായി.ജില്ലാ സെക്രട്ടറിയായ എം വി ജയരാജൻ ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമ്ബോള്‍ കണ്ണൂരിലെ പാർട്ടിയെ നയിക്കാൻ പുതിയ ആളെയും സി പി എം തിരഞ്ഞെടുക്കും. സി പി എമ്മിന്റെ സംഘടന ശൈലി വച്ച് പാർലമെന്ററി രംഗത്തിറങ്ങുന്നവർ സെക്രട്ടറി ചുമതല ഒഴിയാറുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എം വി ജയരാജൻ തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. പാർട്ടിയുടെ ജില്ലാ സെക്രട്ടറി ചുമതലയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുമെന്നാണ് എം വി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കണ്ണൂരിലെ പാർട്ടിയെ നയിക്കാൻ പകരക്കാനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരായിരിക്കണം പുതിയ സെക്രട്ടറിയെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം വിവിരിച്ചു. കണ്ണൂരിന്റെ എല്ലാ വികസന പദ്ധതികള്‍ക്കൊപ്പവും താനുണ്ടാകുമെന്നും വിജയം ഉറപ്പാണെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.
കണ്ണൂരിനൊപ്പം തന്നെ തിരുവനന്തപുരം, കാസർകോട് ജില്ലകളിലും സി പി എം പാർട്ടി തലപ്പത്ത് മാറ്റമുണ്ടാകാനാണ് സാധ്യത. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി ആറ്റിങ്ങലിലും കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കാസർകോടും മത്സരിക്കുന്നുണ്ട്. ഇതില്‍ തന്നെ വി ജോയി നിലവില്‍ എം എല്‍ എയാണ്. പാർലമെന്റി രംഗത്തിറങ്ങുന്നവർ സെക്രട്ടറി ചുമതല ഒഴിയാറുണ്ടെന്ന പൊതു നിലപാടില്‍ ഇളവ് നല്‍കിയാണ് സി പി എം ജില്ലാ സെക്രട്ടറിയായി ജോയി സ്ഥാനത്ത് തുടരുന്നത്. ജില്ലയിലെ സംഘടനക്കുള്ളിലെ പ്രശ്നങ്ങള്‍ കാരണമാണ് ജോയിയെ ഇതുവരെയും സ്ഥാനത്ത് നിന്നും നീക്കാത്തത്. അതിനാല്‍ തന്നെ ജോയി മാറുമോയെന്നത് കണ്ടറിയണം.