തിരുവനന്തപുരം : വയോജനങ്ങളുടെ കഴിവുകളെ വിശാലമായ സാധ്യതകള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ വയോജന സെൻസസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്ബി ഹാളില്‍ നടന്ന വയോജനങ്ങളും പെൻഷണേഴ്സുമായുള്ള മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തവരുടെ നിർദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയോജന സർവേക്കായി സോഫ്റ്റ് വെയർ തയാറാക്കുന്നതിന് ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
മെഡിസെപ്പ് ആനുകൂല്യങ്ങള്‍ പെൻഷണേഴ്സിനും ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കുമെന്നും പരമാവധി ആശുപത്രികളെ എം പാനല്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി എ ഫ്രാൻസിസാണ് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. വയോജനങ്ങള്‍ക്ക് വാക്സിനേഷനുകള്‍ നല്കി രോഗ പ്രതിരോധം തീർക്കണമെന്ന ഡോ. ബി ഇക്ബാലിന്റെ നിർദേശത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ഇത് നടപ്പാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടും. അതു നടപ്പാകും വരെ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കുറഞ്ഞ ചെലവില്‍ വാക്സിൻ ലഭ്യമാക്കുന്നത് പരിശോധിക്കും. മെഡിസെപ്പില്‍ ഇത് ഉള്‍പ്പെടുത്തുന്ന കാര്യവും ആലോചിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയോജന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സോഷ്യല്‍ ഓഡിറ്റ് നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് സി എസ് സുബ്രഹ്മണ്യന്റെ നിർദേശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. കിടപ്പു രോഗികള്‍ക്ക് മസ്റ്ററിംഗിനായി വാതില്‍പ്പടി സേവനം ലഭ്യമാക്കും. പാലിയേറ്റിവ് കെയർ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം കുടുംബാംഗങ്ങള്‍ക്ക് പരിശീലനവും നല്‍കും. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തും. മാനസികവും ശാരീരികവുമായ മെച്ചപ്പെട്ട പരിചരണം വയോജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സർക്കാർ നിലപാട്. ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്സിംഗ് കെയർ എന്ന കോഴ്സ് ഈ ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. കോഴ്സ് പൂർത്തിയാക്കിയവരുടെ സേവനം വയോജന പരിചരണത്തില്‍ ലഭ്യമാക്കും. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നഴ്സിംഗ്, സോഷ്യല്‍ വർക്ക് കോഴ്സുകള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കുന്നതിന് നടപടി സ്വീകരിക്കും.
വയോജന ട്രിബ്യൂണലിന്റെ പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമായി നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിലുള്ള വയോശ്രേഷ്ഠ സമ്മാനം 2020 ല്‍ കേരളത്തിന് ലഭിച്ചു. ട്രിബ്യൂണലിന്റെ പരിഗണനയില്‍ വന്ന 8222 കേസുകളില്‍ 5614 കേസുകള്‍ പരിഹരിച്ചു കഴിഞ്ഞു. ബാക്കി കേസുകളില്‍ നടപടി പുരോഗമിക്കുകയാണ്. ട്രിബ്യൂണലിന്റെ പ്രവർത്തനം വേഗത്തിലാക്കുന്നതിനായി സംസ്ഥാന സർക്കാർ ടെക്നിക്കല്‍ അസിസ്റ്റ്ന്റുമാരെ സമയബന്ധിതമായി നിയമിച്ചതായും കെ ആർ ജനാർദനന്റെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു.
സായാഹ്ന പാർക്കുകള്‍ തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തിലുണ്ടാകണമെന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. ഇതിന് മാർഗരേഖ തയാറാക്കി കഴിഞ്ഞു. എല്ലാ പകല്‍വീടുകളും പ്രവർത്തനനിരതമാക്കാൻ നിർദ്ദേശം നല്‍കും. സ്വയംപ്രഭ പദ്ധതി കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. 60 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകളെയും വയോജനങ്ങള്‍ എന്ന ഒറ്റ യൂണിറ്റില്‍ പെടുത്താതെ വിവിധ പ്രായത്തിലുള്ളവരെ പ്രത്യേക യൂണിറ്റുകളായി തിരിച്ച് സവിശേഷതകള്‍ കണ്ടെത്തി പ്രാദേശികമായ വിവിധ മേഖലകളില്‍ ഉപയോഗിക്കാൻ കഴിയണമെന്ന ഡോ. വി എൻ സുനന്ദകുമാരിയുടെ നിർദേശത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. വയോജനങ്ങള്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്‍പ്പെട്ടവർക്കുമായി പൊതുഇടങ്ങളെ തടസ്സ രഹിതമായി മാറ്റുന്നതിന് ബാരിയർ ഫ്രീ പദ്ധതി നടപ്പാക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പൊതു വിശ്രമകേന്ദ്രങ്ങള്‍, പൊതുശുചി മുറികള്‍ എന്നിവ നിർമിക്കും.
വയോജന ഗ്രാമസഭ കൃത്യമായി നടത്തണമെന്ന് നിർദ്ദേശിക്കും. അഭയകിരണം പദ്ധതി വിപുലപ്പെടുത്തും. 16 ജില്ലാ ആശുപത്രികളില്‍ നിലവില്‍ ജറിയാട്രിക് വാർഡുകളുണ്ട്. മെഡിക്കല്‍ കോളേജില്‍ ജെറിയാട്രിക് വകുപ്പ് രൂപീകരിക്കാൻ നടപടി എടുത്തിട്ടുണ്ട്. ജില്ലാ ആശുപത്രികളില്‍ ജറിയാട്രിക് വാർഡ് എന്ന വി എൻ ശശിധരൻ നായരുടെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി സ്വകാര്യ സഹകരണത്തോടെ മാതൃക വയോജന ഭവനം നടത്തി വരുന്നത് അനുകരണീയമാണ്. വയോജനങ്ങളുടെ റയില്‍വേ കണ്സഷൻ ആനുകൂല്യം പുനസ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തു നല്‍കിയിട്ടുണ്ട്. തുടർന്നും ഇതിനായി സമ്മർദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സമൂഹത്തില്‍ ലഭിക്കുന്ന പി എഫ് പെൻഷൻ വളരെ ചെറിയ തുകയെന്ന യാഥാർത്ഥ്യം സമൂഹത്തില്‍ ഉയർത്തിക്കൊണ്ട് വരാൻ പെൻഷണേഴ്സ് തയാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സംഘടനകള്‍ക്കൊപ്പം സംസ്ഥാന സർക്കാരും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ വിഷയം ഉയർത്തിക്കാട്ടും. മായാ ശ്രീകുമാറാണ് ഈ വിഷയം ഉന്നയിച്ചത്.