കോട്ടയം : കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പി യുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖയുടെ പ്രകാശനം നടന്നു.കോട്ടയം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ മന്ത്രി വി. എൻ വാസവനാണ് വികസന രേഖയുടെ പ്രകാശനം നിർവഹിച്ചത്.എം.പി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ അദ്ദേഹം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പാർലമെൻ്ററി ജനാധിപത്യ വേദികളിൽ എം.പി യുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഏറ്റവും കൂടുതൽ എം.പി ഫണ്ട് വിനിയോഗിച്ചു എന്നത് തന്നെ തോമസ് ചാഴികാടൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർരേഖയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ജോസ് കെ.മാണി എം.പിയും പറഞ്ഞു.വിവിധ കേന്ദ്രസർക്കാർ പദ്ധതികളിലൂടെ 4,100 കോടി രൂപയുടെ വികസനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിനായി നേടിയെടുക്കാൻ കഴിഞ്ഞതെന്ന് മറുപടി പ്രസംഗത്തിൽ തോമസ് ചാഴികാടനും പറഞ്ഞു.മന്ത്രി റോഷി അഗസ്റ്റിൻ, സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സൽ, സി. പി. ഐ ജില്ലാ സെക്രട്ടറി അഡ്വ. വി. ബി. ബിനു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.