ന്യൂഡല്‍ഹി: 2023 ഒക്ടോബർ 29ന് 14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ പാസഞ്ചർ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ലോക്കോ പൈലറ്റും അസിസ്റ്റന്റും ഫോണില്‍ ക്രിക്കറ്റ് കണ്ടിരുന്നതുകൊണ്ടാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയില്‍ രായഗഡ പാസഞ്ചർ വിശാഖപട്ടണം പലാസ ട്രെയിനിനുപിന്നില് ഇടിക്കുകയായിരുന്നു. റായഗഡ പാസഞ്ചർ ലോക്കോ പൈലറ്റും അസിസ്റ്റന്റുമാണ് ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നത്. റെയില്‍വേയുടെ പുതിയ സുരക്ഷ നടപടികളെക്കുറിച്ച് സംസാരിക്കവേയാണ് മന്ത്രി ആന്ധ്ര ട്രെയിൻ അപകടത്തെപ്പറ്റി പരാമർശിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട പുതിയ സംവിധാനങ്ങളാണ് കൊണ്ടുവരുന്നത്. അതേസമയം, ആന്ധ്ര അപകടം സംബന്ധിച്ച് റെയില്‍വേ സേഫ്റ്റി കമീഷണർമാർ (സി.ആർ.എസ്) നടത്തിയ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ റായഗഡ പാസഞ്ചർ ലോക്കോ പൈലറ്റും അസിസ്റ്റന്റുമാണ് കൂട്ടിയിടിക്ക് ഉത്തരവാദികളെന്ന് കണ്ടെത്തിയിരുന്നു.