കരുനാഗപ്പള്ളി: കൊല്ലത്ത് ആൾതാമസം ഇല്ലാത്ത വീടിന്റെ കുളിമുറിയിൽ നിന്നും ഗ്രോബാഗിൽ നട്ടുവളർത്തി പരിപാലിച്ചു വന്ന രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി എക്സൈസ്. ആദിനാട് വടക്ക് തയ്യിൽ ക്ഷേത്രത്തിന് സമീപമുള്ള പഴയ വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇടിഞ്ഞു പൊളിഞ്ഞ് നിലംപൊത്താറായി കിടക്കുന്ന വീട്ടിൽ സാമൂഹിക വിരുദ്ധ ശല്യവും കഞ്ചാവിന്റെയും മദ്യത്തിന്റെയും ഉപയോഗവും നടത്തുന്നതായി എക്സൈസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ. എൻ. ബാബുവിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. 21.20 സെന്റീമീറ്റർ വീതം നീളമുള്ളതും നിറയെ ഇലകളും ഉള്ള രണ്ട് കഞ്ചാവ് ചെടികളാണ് എക്സൈസ് വീട്ടിലെ കുളിമുറിയിൽ നിന്നും കണ്ടെത്തിയത്. എക്സൈസിന്റെ പരിശോധനയിൽ ഇന്ന് രാവിലെയും കഞ്ചാവ് ചെടികൾക്ക് വെള്ളം ഒഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ കേസെടുത്ത് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടനെ കണ്ടെത്തുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.എൽ.വിജിലാൽ, പി എ.അജയകുമാർ, പ്രിവന്റീവ് ഓഫ്സർ. വൈ സജികുമാർ. പ്രിവന്റീവ് ഓഫീസർ ബി. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ. ജിനു തങ്കച്ചൻ, പിവി ഹരികൃഷ്ണൻ, എച്ച് ചാൾസ് എന്നിവർ പങ്കെടുത്തു.