പത്തനംതിട്ട : പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനുമായ അനില്‍ ആന്റണി. പിസി ജോര്‍ജിന്റെ അനുഗ്രഹത്തോടെ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നാണ് അനില്‍ ആന്റണി അറിയിച്ചിരിക്കുന്നത്.
കേരളത്തില്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥിയെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലാവരും നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ത്ഥികള്‍ ആണെന്നും താൻ ചോദിച്ചിട്ടല്ല. പത്തനംതിട്ട മണ്ഡലം തന്നതെന്നും അത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നുവെന്നും അനില്‍ ആന്റണി പറഞ്ഞു.
പത്തനംതിട്ടയില്‍ താൻ വിജയിക്കുമെന്നതിനാലാണ് സോഷ്യല്‍ മീഡിയയില്‍ ചിലർ നെഗറ്റീവ് ക്യാമ്പയിൻ നടത്തുന്നത്, പിസി തന്റെ ബന്ധുവാണ്, വൈകാതെ തന്നെ പിസിയെ പോയി കാണും, അദ്ദേഹത്തിന്റെ പിന്തുണയുണ്ടാകും എന്നത് ഉറപ്പെന്നും അനില്‍ ആന്റണി പറഞ്ഞു. അടുത്തിടെയാണ് പിസി ജോര്‍ജ് ബിജെപിയിലേക്ക് ചുവടുമാറിയത്. തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിപ്പിക്കുമെന്നും സീറ്റ് കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് പിസി ജോര്‍ജ് ബിജെപിയിലേക്ക് കളംമാറിയതെന്ന ആക്ഷേപം സജീവമായി നില്‍ക്കേയാണ് അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വം നേതൃത്വം പ്രഖ്യാപിക്കുന്നത്. ഇതിനെതിരെ പിസി ജോര്‍ജ് പരസ്യമായി രംഗത്തുവരികയായിരുന്നു. പിസി ജോര്‍ജ് മാത്രമല്ല ജില്ലയിലെ ബിജെപി നേതാക്കളില്‍ ചിലരും, പ്രവര്‍ത്തകരുമെല്ലാം അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അസ്വസ്ഥരാണ്. പലരും ഇക്കാര്യം പരസ്യമായി തന്നെ പറയുന്നുമുണ്ട്.