കറുകച്ചാല്‍ : ടിപ്പർ ഡ്രൈവറായ യുവാവ് തന്റെ പറമ്പില്‍ മണ്ണിറക്കിയതിനു പണം ആവശ്യപ്പെട്ട് ഇയാളെ ആക്രമിച്ച് പണം കവര്‍ന്നെടുത്ത കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയപ്പാറ ഭാഗത്ത് വിലങ്ങുപാറ വീട്ടിൽ അജ്മൽ ലത്തീഫ് (29), കങ്ങഴ പത്തനാട്, കരോട്ട്താഴെ വീട്ടിൽ രാഹുൽ കൃഷ്ണൻ (26) കങ്ങഴ പത്തനാട് കിഴക്കേമുറിയിൽ വീട്ടിൽ സൂരജ് വി. നായർ (37) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം വൈകുന്നേരത്തോടുകൂടി ഇടയപ്പാറ ഭാഗത്ത് ടിപ്പർ ലോറിയിൽ മണ്ണിറക്കാനെത്തിയ കങ്ങഴ ചൂരക്കുന്ന് സ്വദേശിയായ യുവാവിനെ റബർ കമ്പുകൊണ്ട് അടിക്കുകയും, കരിങ്കൽ കഷ്ണം കൊണ്ട് ഇടിക്കുകയും ഇയാളുടെ പോക്കറ്റിൽ നിന്നും പതിനെണ്ണായിരം രൂപയും, ലൈസൻസും,പാൻ കാർഡും മറ്റും അടങ്ങിയ പേഴ്സ് കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു.
യുവാവ് വാങ്ങുന്നതിനായി അഡ്വാൻസ് കൊടുത്ത സ്ഥലത്ത് മണ്ണ് ഇറക്കുന്നതിന്നായി ലോറിയില്‍ എത്തിയ സമയം ഇവിടെ ഇറക്കണമെങ്കില്‍ ഇവർക്ക് പണം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും, യുവാവ് ഇത് നിരസിക്കുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ച് പണം കവർന്നെടുത്തത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ ജയകുമാർ.എസ്, എസ്.ഐ മാരായ സുനിൽ.ജി, ജോൺസൺ ആന്റണി, സാജു ലാൽ, സി.പി.ഓ മാരായ സുരേഷ്, പ്രദീപ്, വിജീഷ്, അൻവർ, സുനോജ്, അർജുൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.