കല്‍പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ ദുരൂഹമരണം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തില്‍ കോളേജില്‍ പുതിയ മാറ്റങ്ങള്‍. ഹോസ്റ്റലിൽ ഇനി മുതൽ നാല് ചുമതലക്കാരായിരിക്കും ഉണ്ടാവുക. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിൽ ഓരോ നിലയിലും ഓരോരുത്തര്‍ വീതം.
ഒരു അസിസ്റ്റന്‍റ് വാർഡന് ഹോസ്റ്റലിന്‍റെ മുഴുവൻ ചുമതലയും നല്‍കും. ഇതിനെല്ലാം പുറമെ ഹോസ്റ്റലില്‍ സിസിടിവി ക്യാമറയും സ്ഥാപിക്കും. വര്‍ഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം കെ നാരായണനെയും അസി. വാര്‍ഡൻ ഡോ. കാന്തനാഥനെയും ഇന്നലെ വൈസ് ചാൻസലര്‍ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഷൻ നല്‍കിയത്. നേരത്തെ തന്നെ യൂണിവേഴ്സിറ്റി വിസിയെ ഗവര്‍ണര്‍ സസ്പെൻഡ് ചെയ്തിരുന്നു.
സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ഏറെ ദുരൂഹതകളും ചോദ്യങ്ങളും നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. സിദ്ധാര്‍ത്ഥന്‍റെ നീതി ആവശ്യപ്പെട്ട് വ്യാപകമായ പ്രതിഷേധങ്ങളും നടന്നിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുകയും ഇതിന് പിന്നാലെ ഏറെ രാഷ്ട്രീയ ചലനങ്ങള്‍ സംസ്ഥാനത്തുണ്ടാവുകയും ചെയ്തു. ഇപ്പോഴും സിദ്ധാര്‍ത്ഥന്‍റെ മരണം തീര്‍ത്ത രാഷ്ട്രീയ ചലനങ്ങളുടെ തരംഗം അടങ്ങിയിട്ടില്ല.