കോഴിക്കോട് : കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച എബ്രഹാം എന്ന കര്‍ഷകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. എബ്രഹാമിന്റെ കുടുംബം കൂടുതല്‍ ധനസഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ സർക്കാർ ഉചിതമായ തീരുമാനമെടുക്കും, രണ്ട് ആണ്മക്കള്ക്കും താല്‍ക്കാലിക ജോലി നല്കാൻ സർക്കാർ തയ്യാർ, അവർക്ക് താല്പര്യം ഉണ്ടെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജോലിയില്‍ പ്രവേശിക്കാം, സ്ഥിര ജോലി നല്‍കുന്നതിന് നിയമപരമായി ഒരുപാട് സങ്കീർണതകള്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്ഥിരം ജോലി നല്‍കണം എന്നാണ് എബ്രഹാമിൻ്റെ മക്കള്‍ ആവശ്യപ്പെടുന്നത്. താല്‍ക്കാലിക ജോലിയില്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രവേശിക്കും. അതേസമയം വന്യമൃഗ ശല്യം തടയാൻ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെടുകയാണ് നാട്ടുകാര്‍. എബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാമെന്ന് സിസിഎഫ് ഉത്തരവ് വന്നിരുന്നു. മയക്കുവെടി വച്ച് പിടികൂടാൻ സാധിച്ചില്ലെങ്കില്‍ വെടിവച്ച് കൊല്ലാമെന്നാണ് ഉത്തരവില്‍ പറയുന്നത്. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.