മുംബൈ: ചെക്ക് റിപ്പബ്ലിക്കിൻ്റെ ക്രിസ്റ്റിന പിസ്കോവ ശനിയാഴ്ച മുംബൈയിൽ നടന്ന മിസ് വേൾഡ് 2024 സൌന്ദര്യമത്സരത്തില്‍ കിരീടം നേടി. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി പോളണ്ടിൽ നിന്നുള്ള ലോകസുന്ദരി കരോലിന ബിലാവ്സ്ക ഫൈനലിൽ വിജയിയായ ക്രിസ്റ്റിന പിസ്കോവയ്ക്ക് കിരീടമണിയിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച് 22 കാരിയായ സിനി ഷെട്ടിയാണ് ലോക സുന്ദരി മത്സരത്തിന് എത്തിയത്. 2022-ൽ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയ മുംബൈയിൽ ജനിച്ച ഷെട്ടിക്ക് മത്സരത്തിലെ ആദ്യ നാലില്‍ ഇടം നേടാന്‍ സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഡിഗ്രി പഠനം നടത്തുന്ന ക്രിസ്റ്റീന ഒരു മോഡല്‍ കൂടിയാണ്. ക്രിസ്റ്റിന പിസ്കോ ഫൗണ്ടേഷൻ എന്ന സന്നദ്ധ സ്ഥാപനവും ഇവര്‍ നടത്തുന്നുണ്ട്. മിസ് ലെബനൻ യാസ്മിന സെയ്ടൂൺ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 28 വർഷത്തിന് ശേഷമാണ് ഇന്ത്യ മിസ് വേള്‍ഡ് മത്സരത്തിന് അതിഥേയത്വം വഹിക്കുന്നത്.
ലോക സുന്ദരി മത്സരത്തില്‍ അവസാന ഘട്ടത്തില്‍ 12 അംഗ ജഡ്ജിമാരുടെ പാനലാണ് മത്സരാര്‍ത്ഥികളെ വിലയിരുത്തിയത്. ചലച്ചിത്ര നിർമ്മാതാവ് സാജിദ് നദിയാദ്വാല, അഭിനേതാക്കളായ കൃതി സനോൻ, പൂജ ഹെഗ്ഡെ, ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്, മാധ്യമ പ്രവര്ത്തകന് രജത് ശർമ്മ, സാമൂഹിക പ്രവർത്തക അമൃത ഫഡ്നാവിസ്,ബെന്നറ്റ് കോൾമാൻ ആൻഡ് കോ. ലിമിറ്റഡിൻ്റെ എംഡി വിനീത് ജെയിൻ, മിസ് വേൾഡ് ഓർഗനൈസേഷൻ്റെ ചെയർപേഴ്സണും സിഇഒയുമായ ജൂലിയ മോർലി, ജാമിൽ സെയ്ദി തുടങ്ങിയ പ്രമുഖര്‍ ചടങ്ങിന് എത്തിയിരുന്നു.
ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറും മുൻ ലോകസുന്ദരി മേഗൻ യംഗും പരിപാടി ഹോസ്റ്റ് ചെയ്തു. ഗായകരായ ഷാൻ, നേഹ കക്കർ, ടോണി കക്കർ എന്നിവരുടെ കലാപരിപാടികളും ഉണ്ടായിരുന്നു. മിസ് വേൾഡ് മത്സരവുമായി ബന്ധപ്പെട്ട ടാഗ്ലൈനായ ‘ബ്യൂട്ടി വിത്ത് പര്‍പ്പസ്’ എന്നതിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പ്രിയങ്ക ചോപ്രയുടെ വീഡിയോ സന്ദേശവും ഫൈനലില്‍ പ്ലേ ചെയ്തു.
സഞ്ജയ് ലീല ബൻസാലിയുടെ വെബ് സീരീസായ ഹീരമാണ്ഡി: ദി ഡയമണ്ട് ബസാറിലെ താരങ്ങളായ മനീഷ കൊയ്രാള, സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദാരി, റിച്ച ഛദ്ദ, ഷർമിൻ സെഗാൾ, സഞ്ജീദ ഷെയ്ഖ് എന്നിവരും ഫൈനലിലെ 13 മിസ് വേൾഡ് മത്സരാർത്ഥികളും ഒന്നിച്ചാണ് വേദിയില്‍ എത്തിയത്.