ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.പശ്ചിമ ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ നടത്തിയ സന്ദർശനത്തിനു പിന്നാലെയായിരുന്നു അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത നീക്കങ്ങള്‍. രാജിയില്‍ പലതരത്തിലുള്ള ആശങ്കകളും സംശയങ്ങളുമാണു പ്രതിപക്ഷം ഉയർത്തുന്നത്.വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് അരുണ്‍ ഗോയല്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, മറ്റെന്തൊക്കെയോ അകത്തു പുകയുന്നുണ്ടെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. കേന്ദ്ര സർക്കാരില്‍നിന്നുള്ള സമ്മർദത്തെയും അഭിപ്രായ ഭിന്നതകളെയും തുടർന്നാണു രാജിയെന്ന തരത്തില്‍ പ്രതിപക്ഷം പ്രചാരണം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും ഗോയലും തമ്മിലുള്ള അഭിപ്രായഭിന്നതയാണു രാജിയില്‍ കലാശിച്ചിരിക്കുന്നതെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ബംഗാള്‍ പര്യടനത്തിനു പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള പിണക്കം മറനീക്കി പുറത്തുവന്നത്. തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് മാർച്ച് അഞ്ചിന് കൊല്‍ക്കത്തയില്‍ നടന്ന വാർത്താസമ്മേളനത്തില്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല. രാജീവ് കുമാർ ഒറ്റയ്ക്കായിരുന്നു അന്നു മാധ്യമപ്രവർത്തകരെ കണ്ടത്.ഇതേ വിഷയം തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഉയർത്തുന്നത്. കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനു പിന്നാലെ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർ അരുണ്‍ ഗോയല്‍ രാജിവച്ചുവെന്ന് മഹുവ ചോദിക്കുന്നു. പര്യടനം ചുരുക്കി പെട്ടെന്ന് ഗോയല്‍ കൊല്‍ക്കത്ത വിട്ട കാര്യവും മഹുവ സൂചിപ്പിച്ചിട്ടുണ്ട്. ബംഗാളിലെ തെരഞ്ഞെടുപ്പ് ഘട്ടങ്ങള്‍, സൈനിക വിന്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ നിർദേശം അദ്ദേഹം എതിർത്തുവെന്നാണു വ്യക്തമാകുന്നത്. ആജ്ഞാനുവർത്തിയായ ഒരാളെയാകും പകരം സ്ഥാനത്ത് നിയമിക്കാൻ പോകുന്നതെന്നും മഹുവ ആരോപിക്കുന്നു.