ദില്ലി : ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്കെതിരെ വടിയെടുത്ത് സുപ്രീംകോടതി. കേസിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞു. ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നും എന്തിന് സമയം വൈകിപ്പിച്ചെന്നും കോടതി എസ് ബിഐയുടെ സമയം നീട്ടി നൽകാനുളള ഹർജി പരിഗണിക്കവേ ചോദിച്ചു. ഇലക്ട്രറൽ ബോണ്ടുകൾ നൽകുന്നത് നിർത്തിവച്ചുവെന്നും പൂർണ്ണവിവരം നൽകുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐയ്ക്കായി ഹാജരായ ഹരീഷ് സാൽവേ കോടതിയെ അറിയിച്ചത്.
ഇതോടെ വിധി വന്ന 26 ദിവസം കൊണ്ട് എന്താണ് ബാങ്ക് ഇതുവരെ ചെയ്തതെന്ന് കോടതി ആരാഞ്ഞു. അതിനെ കുറിച്ച് ഹർജിയിൽ ഒന്നും പറയുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. സാങ്കേതികത്വമല്ല. ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. എസ്ബിഐയിൽ നിന്ന് ആത്മാർത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ രഹസ്യരേഖയായി നൽകിയത് പരസ്യപ്പെടുത്താൻ നിർദേശം നൽകാമെന്ന് കോടതി വ്യക്തമാക്കി. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തിനിടെ നല്കിയ മുദ്രവച്ച കവർ കോടതി തുറന്നു. ബോണ്ടുകളെക്കുറിച്ചുള്ള വിവരം കോടതി പരിശോധിക്കുകയാണ്.