പെരുവ : ലോട്ടറിയുടെ ഡ്രോനമ്പരും, തീയതിയും തിരുത്തി ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും പണവും, ലോട്ടറിയും കൈക്കലാക്കി മുങ്ങിയതായി പരാതി. ശനിയാഴ്ച്ച രാവിലെ 7.30 ഓടെയാണ് സംഭവം പെരുവയിലും പരിസര പ്രദേശങ്ങളിലും കാൽനടയായി ലോട്ടറി കച്ചവടം നടത്തു’ന്ന കാരിക്കോട് വിജയ മന്ദിരത്തിൽ വിജയകുമാറി(മണിക്കുട്ടൻ)ൻ്റെ കയ്യിൽ നിന്നുമാണ് പണവും ലോട്ടറിയും തട്ടിയെടുത്തത്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ മണിക്കുട്ടൻ കാരിക്കോട് ഇമ്മാനുവൽ പള്ളിക്ക് മുൻവശമെത്തിയപ്പോൾ വൈക്കം ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ഹെൽമറ്റ് ധരിച്ചയാൾ എത്തി ലോട്ടറി നോക്കിയ ശേഷം രണ്ട് 5000 രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് ഉണ്ടെന്ന് പറഞ്ഞ് മണിക്കുട്ടൻ്റെ കൈയ്യിൽ ഇരുന്ന 40 ടിക്കറ്റ് അയാൾ വാങ്ങി, തുടർന്ന് സമ്മാനമാടിച്ച ഒരു ടിക്കറ്റ് നൽകി ബാക്കി പണവും വാങ്ങി. പിന്നീട് മണിക്കുട്ടൻ്റ കൈയ്യിൽ ഇരുന്ന 50 ടിക്കറ്റ് കുടി വാങ്ങി മറ്റേ ടിക്കറ്റ് നൽകി ബാക്കി പണവും വാങ്ങി തട്ടിപ്പുകാരൻ മുങ്ങി.വെള്ളിയാഴ്ച്ച നറുക്കെടുത്ത നിർമ്മൽ എൻ.ആർ.370 സീരിയലുള്ള ലോട്ടറിയാണ് നൽകിയത്. 5000 രൂപാ സമ്മാനമടിച്ച ടിക്കറ്റിൻ്റെ അതേ നമ്പരുള്ള പഴയ ടിക്കറ്റിൽ തീയതിയും, ഡ്രോ നമ്പരും വെട്ടി ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.ഈ സമയം മൂർക്കാട്ടിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് എന്നയാൾ ഈ ബൈക്കുകാരനെ വിളിച്ച് അയാളുടെ പുറകിൽ കയറി പോയതായി മണിക്കുട്ടൻ വെള്ളൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ തനിക്ക് അയാളെ പരിചയമില്ലെന്ന് സന്തോഷ് പറഞ്ഞു.തുടർന്ന് മണിക്കുട്ടൻ ടിക്കറ്റ് പെരുവയിലെ ലോട്ടറി ഹോൾസെയിൽ കടയിൽ നൽകി ലോട്ടറിയും വാങ്ങി.എന്നാൽ ഹോൾ സെയിൽ കടയിൽ നിന്ന് അവരുടെ ഹെഡ് ഓഫിസിൽ ലോട്ടറി എത്തിയപ്പോഴാണ് നമ്പരും തീയതിയും തിരുത്തിയതായി കണ്ടത്. എന്നാൽ സമാന രീതിയിലുള്ള തട്ടിപ്പ് പിറവത്തും നടന്നതായി പെരുവയിലെ മറ്റൊരു ഹോൾസെയിൽ വ്യാപാരി പറഞ്ഞു. പിറവം സ്വദേശിയായ വേലായുധൻ്റെ കയ്യിൽ നിന്നുമാണ് 5000 രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് നൽകി പണവും ലോട്ടറിയും കൈക്കലാക്കിയത്. കെ.എൽ 45 ഇ 3590 നമ്പറിലുള്ള കറുത്ത ബജാജ് ഡിസ്കവർ ബൈക്കിലാണ് തട്ടിപ്പുകാരൻ എത്തിയതെന്ന് കാട്ടി വേലായുധൻ പിറവം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മണികുട്ടൻ്റെ പരാതിയിൽ വെള്ളൂർ പോലീസും കേസെടുത്തു അന്വേഷണം ആരംഭിച്ചു.