പന്തളം : പന്തളം മങ്ങാരം യക്ഷിവിളക്കാവിലെ ആയില്യം മാർച്ച് 21 ന് നടക്കും. ആയില്യത്തിന് മുന്നോടിയായി 17 ന് രാവിലെ 7 മണിക്ക് മങ്ങാരം ചക്കോളിശ്ശേരിൽ കാവിൽ നിന്നും മഹാസ്യന്ദനയാത്രയും പാണ്ടിപ്പുറത്ത് കാവിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്രയും ആരംഭിച്ച് വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് വൈകിട്ട് 6 മണിയോടെ അമ്പലം നിൽക്കുന്നതിൽ ജംക്ഷനിൽ എത്തിച്ചേർന്ന് താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോട് കൂടി യാത്ര യക്ഷിവിളക്കാവിൽ സമാപിക്കും. തുടർന്ന് ആൽത്തറവിളക്കിൻ്റെ സമർപ്പണം നടക്കും. 21 ന് രാവിലെ 6 മണി മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം മൃത്യുഞ്ജയഹോമം 7 മണിക്ക് മഞ്ഞൾപ്പറ എന്നിവ നടക്കും.
8 മണിക്ക് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ സി പി എസ് പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കാവിൽ നൂറും പാലും നടക്കും. ഉച്ചക്ക് 12 മണിക്ക് ഗോദാനം, അനന്ദഭദ്രം സേവാനിധി സമർപ്പണം 12.30 ന് ആയില്യസദ്യ എന്നിവ നടക്കും. 2 മണിക്ക് യക്ഷിവിളക്കാവ് മാതൃസമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം നടക്കും. വൈകിട്ട് 6 മണിക്ക് യക്ഷിവിളക്കാവിൽ നിന്നും കോലപ്പുറപ്പാട് ആരംഭിക്കും. മുട്ടാർ അയ്യപ്പക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ 101 പച്ചപ്പാളയിൽ തീർത്ത ഭൈരവിക്കോലം കാവിലേക്ക് എഴുന്നള്ളും. രാത്രി 7.30 ന് ഹരിപ്പാട് രാധേയം ഭജൻസിൻ്റെ നാമജപലഹരിയും നടക്കും.