തിരുവനന്തപുരം: ബിജെപിയിൽ പോയ പത്മജ വേണുഗോപാലിനെതിരായ പരാമര്‍ശത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിലിന് വിമർശനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ശൂരനാട് രാജശേഖരനാണ് വിമര്‍ശനം ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം മോശമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ന്നതാണെന്ന് കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സൻ മറുപടി നൽകി. പത്മജ വേണുഗോപാൽ പാര്‍ട്ടി വിട്ടപ്പോഴാണ് അതിരൂക്ഷമായ ഭാഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ മോശം പരാമര്‍ശം നടത്തിയത്.അതേസമയം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് ഓരോ മണ്ഡലത്തിലും കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകാൻ യോഗം തീരുമാനിച്ചു. തിരുവനന്തപുരം- മരിയാപുരം ശ്രീകുമാര്‍, ആറ്റിങ്ങല്‍- ജി സുബോധന്‍, കൊല്ലം- എംഎം നസീര്‍, മാവേലിക്കര- ജോസി സെബാസ്റ്റിയന്, പത്തനംതിട്ട- പഴകുളം മധു, ആലപ്പുഴ-എംജെ ജോബ്, കോട്ടയം- പിഎ സലീം, ഇടുക്കി- എസ് അശോകന്, എറണാകുളം- അബ്ദുള്‍ മുത്തലിബ്, ചാലക്കുടി- ദീപ്തി മേരി വര്‍ഗീസ്, തൃശൂര്‍- ടിഎന്‍ പ്രതാപന്, ആലത്തൂര്‍- വിടി ബല്‍റാം, പാലക്കാട്- സി ചന്ദ്രന്, പൊന്നാനി- ആര്യാടന് ഷൗക്കത്ത്, മലപ്പുറം- ആലിപ്പറ്റ ജമീല, വയനാട്- ടി സിദ്ദിഖ്, കോഴിക്കോട്- പിഎം നിയാസ്, വടകര- വിപി സജീന്ദ്രന്, കണ്ണൂര്‍- കെ ജയന്ത്, കാസര്‍കോഡ് – സോണി സെബാസ്റ്റിയന് എന്നിവര്‍ക്കാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്.