ദില്ലി: പ്രതിപക്ഷ വിമർശനം ശക്തമായി തുടരുമ്പോഴും പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. വിജ്ഞാപനത്തിന് പിന്നാലെ ഇന്നലെ സി എ എ വെബ്സൈറ്റ് തുറന്ന കേന്ദ്ര സർക്കാർ ഇന്നിതാ ഹെൽപ് ലൈൻ നമ്പർ ഉടൻ തുടങ്ങുമെന്ന അറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷിക്കുന്നവരെ സഹായിക്കാനായി ഉടൻ തന്നെ ഹെൽപ് ലൈൻ നമ്പർ റെഡിയാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ എവിടെ നിന്നും അപേക്ഷകർക്ക് വിളിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ സേവനം ലഭിക്കുന്ന നിലയിലായിരിക്കും ഹെൽപ്പ്ലൈനെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ കേരളത്തിൽ നിന്നും പുറത്തുവന്ന വാർത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സർക്കാർ ഏ ജിയെ ചുമതലപ്പെടുത്തി എന്നതാണ്. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനൽ സ്യൂട്ട് നേരത്തെ തന്നെ സുപ്രീംകോടതി മുമ്പാകെ സംസ്ഥാനം ഫയൽ ചെയ്തിട്ടുണ്ട്. പൗരത്വ നിയമത്തിൻ കീഴിലുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതി മുഖേന തുടര്‍ നിയമ നടപടിക്ക് സംസ്ഥാനം ഒരുങ്ങുന്നത്. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.