തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിച്ച് വരുന്നതായി മന്ത്രി ജി.ആര്. അനില്‍. ഇതുവരെ 39,053 റേഷന്‍ കാര്‍ഡ് ഉടമകള്‍ ശബരി കെ-റൈസ് സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ നിന്നും കൈപ്പറ്റി. 195 ടണ്‍ അരിയാണ് ഇതുവരെ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.
ആദ്യഘട്ടമായി രണ്ടായിരം മെട്രിക് ടണ്‍ അരിയാണ് ശബരി കെ-റൈസിനായി പര്ച്ചയ്സ് ചെയ്തത്. ഇതില്‍ 1100 മെട്രിക് ടണ്‍ അരി സപ്ലൈകോയുടെ 56 ഡിപ്പോകളിലുമായി എത്തിക്കഴിഞ്ഞു. ശനിയാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ അരിയും വിതരണത്തിനായി ലഭ്യമാകുന്നതാണെന്ന് മന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സപ്ലൈകോയുടെ 1600 ലധികം വില്പനശാലകളിലൂടെയാണ് ശബരി കെ- റൈസ് വിതരണം ചെയ്യുന്നത്. 1150 ലധികം വില്പനശാലകളിലും ശബരി കെ റൈസ് എത്തിക്കഴിഞ്ഞു. അതായത് സപ്ലൈകോയുടെ 70% ഔട്ട് ലെറ്റുകളിലൂടെയും ശബരി കെ-റൈസ് വിതരണം തുടങ്ങിക്കഴിഞ്ഞു. എല്ലാ ഔട്ട് ലെറ്റുകളിലും നാളെ ഉച്ചയോടെ ശബരി കെ-റൈസ് ലഭ്യമാകും. മറ്റു സബ്സിഡി സാധനങ്ങളും സപ്ലൈകോ വില്പനശാലകളിലെത്തിക്കാന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സബ്സിഡി ഇതര ഇനങ്ങള്‍ക്കും ഓഫറുകള്‍ നല്‍കിക്കൊണ്ട് ‘സപ്ലൈകോ ഗോള്‍ഡന്‍ ഓഫര്‍’ എന്ന പേരില്‍ ഒരു പുതിയ സ്കീം ആവിഷ്കരിച്ചിട്ടുണ്ട്. വെള്ളക്കടല, ഉലുവ, ഗ്രീന്‍പീസ്, കടുക്, പിരിയന്‍ മുളക് തുടങ്ങിയ 15 ഇനം സബ്സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് ഈ സ്കീം പ്രകാരം പൊതു വിപണിയില്‍ നിന്നും 15 മുതല്‍ 30% വരെ വിലക്കുറവാണ് നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.
സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ശബരിയുടെ ആയ 10 ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്കും, പൊതുജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ബ്രാന്‍ഡുകളുടെ ഇരുപതില്പരം ഉല്‍പ്പന്നങ്ങള്‍ക്കും ഗോള്‍ഡന്‍ ഓഫറിലൂടെ വന്‍ വിലക്കുറവ് നല്‍കുന്നുണ്ട്. ഇത്തരം എഫ് എം സി ജി ഉല്‍പ്പന്നങ്ങള്‍ക്ക് എംആര്‍പിയെക്കാള്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവ് നല്‍കുന്നുണ്ട്.
റേഷന്‍ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷന് വിതരണം ചെയ്യുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. ട്രാന്സ്പോര്ട്ടേഷന് കരാറുകാര്‍ക്ക് 2023 ഡിസംബര്‍, 2024 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നല്‍കാനുള്ള തുക സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.