തെലുങ്ക് സിനിമയെ ബാഹുബലിക്ക് മുന്‍പും ശേഷവുമായി വിഭജിക്കാം. അതിന് മുന്‍പും മറ്റ് സംസ്ഥാനങ്ങളില്‍ പേരെടുത്ത തെലുങ്ക് താരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യ മുഴുക്കെ ടോളിവുഡിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ബാഹുബലിയോടെയാണ്. പിന്നീട് വന്ന അര്‍ജുന്‍ ചിത്രം പുഷ്പയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. പുഷ്പയുടെ സീക്വല്‍ അടക്കം തെലുങ്കില്‍ നിന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. ചുവടെയുള്ളത് തെലുങ്കില്‍ ഏറ്റവും ജനപ്രീതിയുള്ള പുരുഷ താരങ്ങളുടെ ലിസ്റ്റ് ആണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ ഫെബ്രുവരി മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന പോപ്പുലാരിറ്റി ലിസ്റ്റ് ആണിത്.
ജനുവരിയിലെ പട്ടികയില്‍ നിന്ന് രണ്ടേ രണ്ട് മാറ്റങ്ങളോടെയാണ് പുതിയ ലിസ്റ്റ് എത്തിയിരിക്കുന്നത്. ജനുവരിയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അല്ലു അര്‍ജുന്‍ നാലാം സ്ഥാനത്തേക്കും ജനുവരിയില്‍ നാലാമതുണ്ടായിരുന്ന ജൂനിയര്‍ എന്‍ടിആര്‍ മൂന്നാം സ്ഥാനത്തേക്കും മാറിയിരിക്കുന്നു. ബാഹുബലി താരം പ്രഭാസ് തന്നെയാണ് ഇക്കുറിയും തെലുങ്ക് താരങ്ങളില്‍ ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാമത് മഹേഷ് ബാബുബവും മൂന്നാമത് ജൂനിയര്‍ എൻടിആറും. നാലാമത് അല്ലു അര്‍ജുനുമാണ്. അഞ്ചാമത് രാം ചരണും ആറാമത് പവന്‍ കല്യാണും. ഏഴാമത് നാനി. എട്ടാമത് രവി തേജയും ഒന്‍പതാമത് വിജയ് ദേവരകൊണ്ടയും. പത്താം സ്ഥാനത്ത് സാക്ഷാല്‍ ചിരഞ്ജീവി. ബാഹുബലിക്ക് ശേഷം ബിഗ് ബജറ്റ് ചിത്രങ്ങളുടെ തുടര്‍ പരാജയങ്ങള്‍ കണ്ട പ്രഭാസിന് പിന്നീടൊരു വിജയം ലഭിച്ചത് കഴിഞ്ഞ വര്‍ഷം എത്തിയ സലാറിലൂടെ ആയിരുന്നു. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കിയ സലാറില്‍ പൃഥ്വിരാജ് സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.