കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മേജർ രവി ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥിയാകുന്നതിനോട് പാർട്ടി നേതൃത്വം സമ്മതം ചോദിച്ചുവെന്നും താൻ സമ്മതം അറിയിച്ചുവെന്നും മേജർ രവി പറഞ്ഞതായി ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ട് ചെയ്തത്.ആരാണ് സ്ഥാനാർത്ഥിയാവുന്നതെന്ന് പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാർട്ടി നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
എറണാകുളം, കൊല്ലം, ആലത്തൂർ,വയനാട് മണ്ഡലങ്ങളില്‍ സ്ഥനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ല.കൊല്ലത്ത് കുമ്മനം രാജശേഖരനും പാർട്ടി ജില്ലാ സെക്രട്ടറി ബി ബി ഗോപകുമാറും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ആലത്തൂരില്‍ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പല്‍ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നുണ്ട്. ഇന്നോ നാളെയോ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവരുമെന്നാണ് പ്രതീക്ഷ.കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ കഴിഞ്ഞദിവസം സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥും മത്സരിക്കും. ഇതോടെ ബി.ഡി.ജെ.എസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി. മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് 18നും ഇടുക്കിയില്‍ 20നും കണ്‍വെൻഷനുകളോടെ പ്രചാരണത്തിന് തുടക്കമാകുമെന്ന് തുഷാർ പറഞ്ഞു.