പത്തനംതിട്ട : സർവ്വേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിന് കൈക്കൂലി വാങ്ങി. താലൂക്ക് ഓഫീസിലെ അറ്റൻ്റർക്കെതിരെ ശിക്ഷ വിധിച്ച് കോടതി.തിരുവല്ല താലൂക്ക് ഓഫീസിലെ വിൻസി പി (49) യാണ് കോടതി ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചത്. നിരണം സ്വദേശിയും കേസിലെ പരാതിക്കാരനുമായ ശശികുമാറിന്റെ പിതാവിന്റെ പേരിലുള്ള സ്ഥലം അളന്നു തിരിച്ചു സർവ്വേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിനായിരുന്നു ഇയാളുടെ പക്കൽ നിന്നും വിൻസി പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്. കുറ്റകൃത്യം നടന്നതായി കണ്ടെത്തിയ തിരുവനന്തപുരം വിജിലൻസ് കോടതി ഇയാൾക്കെതിരെ ശിക്ഷ വിധിക്കുകയായിരുന്നു.
പത്തനംതിട്ട വിജിലൻസ് യൂണിറ്റിൽ രജിസ്റ്റർ ചെയ്ത കേസിൽ വിവിധ വകുപ്പുകൾ പ്രകാരം നാലുവർഷ കഠിനതടവും 25,000/- രൂപയും, മൂന്നുവർഷ കഠിനതടവും 20,000/- രൂപയും ഉൾപ്പെടെ 7 വർഷത്തെ കഠിന തടവും 45,000/- രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നാണ് വിധി . തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് രാജകുമാര എം വി യാണ് ശിക്ഷ വിധിച്ചത്. കൊല്ലം കാവനാട് സ്വദേശിയായ പ്രതി വിൻസി പി നിലവിൽ പത്തനംതിട്ട റവന്യൂ റിക്കവറി ഓഫീസിൽ ഗ്രേഡ് 2 അറ്റൻഡറാണ്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കോടതി റിമാൻഡ് ചെയ്തു. അന്വേഷണത്തിന് പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി എം എൻ രമേശ് , ഡിവൈഎസ്പി കെ ബൈജു കുമാർ എന്നിവർ നേതൃത്വം നൽകി. ഡിവൈഎസ്പി പിടി രാധാകൃഷ്ണപിള്ള പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത്ത് കുമാർ എൽ ആർ ഹാജരായി.