കോട്ടയം : റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ്ഫോമിൽ കിടന്നുറങ്ങിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം സ്വദേശി പിടിയിൽ. തിരുവനന്തപുരം കരമന ശോഭാ നിവാസിൽ മുരുകനെ ( 58) യാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി. ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. റെയിൽവേ പ്ളാറ്റ്ഫോമിൽ കിടന്നുറങ്ങിയ പാലാ സ്വദേശിയുടെ 25000 രൂപ വിലയുള്ള മൊബൈൽ ഫോൺ പ്രതി മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ കണ്ടെത്തി. തുടർന്ന് , നാഗമ്പടം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയ്ക്ക് കോട്ടയം വെസ്റ്റ് , ചങ്ങനാശേരി , തൃശൂർ വെസ്റ്റ് , കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.