സർക്കാർ ഡോക്ടർമാർക്ക് സോഷ്യല്‍ മീഡിയയില്‍ വിലക്കേർപ്പെടുത്തിയ വിവാദ സർക്കുലർ ആരോഗ്യ വകുപ്പ് പിൻവലിച്ചു.സർക്കുലറിനെതിരെ കടുത്ത പ്രതിഷേധമാണ് ഐഎംഎയും കെജിഎംഒയും ഉയർത്തിയത്.സർക്കാർ ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതും ചാനല്‍ തുടങ്ങുന്നതും വിലക്കികൊണ്ടാണ് ഡിഎച്ച്എസ് സർക്കുലർ ഇറക്കിയത്.ഈ മാസം 13 നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘം ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. പെരുമാറ്റ ചട്ടമനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തില്‍ അനുമതി നല്കുമ്പോള് ചട്ടലംഘനം സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാദ്ധ്യമ ഇടപെടലുകള്‍ക്കും വിലക്ക് ഏർപ്പെടുത്തുന്നതെന്നും ഉത്തരവില്പറയുന്നു.പിന്നാലെ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും രംഗത്തെത്തി. സർക്കുലർ പിൻവലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ മുന്നറിയിപ്പ്.