ബാഴ്സലോണ : ബലാത്സംഗക്കേസില്‍ തടവില്‍ കഴിയുന്ന മുൻ ബ്രസീലിയൻ താരം ഡാനി ആല്‍വസിന്റെ ജാമ്യത്തിനായി അദ്ദേഹത്തിന്റെ സുഹൃത്തും സഹതാരവുമായിരുന്ന നെയ്മറിന്റെ പിതാവ് 1 മില്യണ്‍ യൂറോ നല്‍കും.സ്പാനിഷ് മാധ്യമമായ ലാൻ വാൻഗാർഡിയയെ ഉദ്ധരിച്ച് പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേസിലെ ഇരക്ക് 1,50,000 യൂറോ നഷ്ടപരിഹാരം നല്‍കാനും നേരത്തേ നെയ്മറും പിതാവും ആല്‍വസിനെ സഹായിച്ചിരുന്നു.
കേസില്‍ കഴിഞ്ഞ മാസമാണ് കോടതി ആല്‍വെസിന് തടവു ശിക്ഷ വിധിച്ചത്. നാലര വർഷത്തേക്കാണ് തടവ്. ഒന്നര ലക്ഷം യൂറോ പിഴയും ചുമത്തിയിരുന്നു. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. നിശാ ക്ലബ്ബിലെ ശുചിമുറിയില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. കഴിഞ്ഞ വർഷം മുതല്‍ 40 കാരൻ റിമാൻഡിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതിയെ അറിയില്ലെന്നാണ് കേസില്‍ ആദ്യഘട്ടത്തില്‍ മുൻ ബ്രസീലിയൻ നിലപാടെടുത്തത്. ശാസ്ത്രീയ തെളിവുകള്‍ പുറത്തുവന്നതോടെ മദ്യ ലഹരിയില്‍ സംഭവിച്ചതാണെന്ന് വെളിപ്പെടുത്തി. ബാഴ്സലോണക്കായി 300ഓളം മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട് ഡാനി ആല്‍വസ്. മൂന്ന് ലോകകപ്പുകളില്‍ കാനറികള്‍ക്കായി കളത്തിലിറങ്ങിയ ആല്‍വസ്, പിഎസ്ജി, യുവന്റസ് ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
ഒളിംപിക് സ്വർണം നേടുന്ന പ്രായം കൂടിയ ഫുട്ബോള്‍ താരമാണ്. ബലാത്സംഗ പരാതി ഉയർന്നതിന് പിന്നാലെ ആല്‍വെസുമായുള്ള കരാർ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസ് നേരത്തെ റദ്ദാക്കിയിരുന്നു. എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയിലുള്ള ഡാനി ആല്‍വസ് ബ്രസീല്‍ ദേശീയ ടീമിനായി 126 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടി. കഴിഞ്ഞ ഖത്തർ ലോകകപ്പില്‍ ബ്രസീല്‍ ടീമില്‍ ഇടം പിടിച്ചിരുന്നു