ന്യൂസ് ഡെസ്ക് : ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ചെന്നൈ സൂപ്പർ കിങ്സ് ടീം മാനേജ്മെന്റില്‍ നിന്ന് വലിയൊരു തീരുമാനം എത്തിയത്.ഇതുവരെ ചെന്നൈയെ നയിച്ച നായകൻ മഹേന്ദ്ര സിംഗ് ധോണി പടിയിറങ്ങുകയും ഒപ്പം യുവതാരം ഋതുരാജ് ഗൈക്വാഡിന് ക്യാപ്റ്റൻസി കൈമാറുകയും ചെയ്തു.ഇതോടുകൂടി മഹേന്ദ്ര സിംഗ് ധോണിയുടെ ടീമിലെ സ്ഥാനത്തെ സംബന്ധിച്ച് ആരാധകർക്കിടയില്‍ വലിയ ആശങ്കകള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ ഈ ആശങ്കകള്‍ക്ക് അറുതി വരുത്തുന്ന ഒരു പ്രസ്താവനയാണ് ചെന്നൈ ടീം കോച്ച് സ്റ്റീവൻ ഫ്ലമിങ് നടത്തിയിരിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചെങ്കിലും ധോണി ചെന്നൈക്കായി എല്ലാ മത്സരങ്ങളിലും കളിക്കും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് ഫ്ലമിങ് പറഞ്ഞു.
കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ധോണിയ്ക്ക് ഇത്തവണ ഫിറ്റ്നസില്‍ വലിയ രീതിയിലുള്ള മെച്ചമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് ഫ്ലെമിങ് പറയുന്നത്. ആദ്യ മത്സരത്തിന് മുൻപായുള്ള പ്രെസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ഫ്ലെമിങ്. ഈ സീസണിലുടനീളം ധോണിക്ക് ബാറ്റ് ചെയ്യാൻ സാധിക്കും എന്നാണ് ഫ്ലെമിംഗ് കരുതുന്നത്. പരിശീലന സമയങ്ങളില്‍ ധോണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായിട്ടുള്ളത് എന്നും ഫ്ലെമിംഗ് പറഞ്ഞു.”മഹേന്ദ്ര സിംഗ് ധോണി ഈ സീസണില്‍ പൂർണ്ണമായും ടീമിനായി കളിക്കുമെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ ശരീരം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്.”- ഫ്ലെമിംഗ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“മഹേന്ദ്ര സിംഗ് ധോണി ചെന്നൈക്കായി കളിക്കുമെന്നും മികച്ച രീതിയില്‍ തന്നെ കളിക്കുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സീസണിന് മുമ്പുള്ള സമയങ്ങളിലും മികച്ച രീതിയില്‍ തന്നെ പരിശീലനങ്ങളില്‍ ഏർപ്പെടാൻ മഹേന്ദ്ര സിംഗ് ധോണിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം കൂടുതല്‍ മെച്ചമായിട്ടുണ്ട്.”കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായി മാറുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കാല്മുട്ടിനടക്കം ആ വ്യത്യാസം നമുക്ക് കാണാൻ സാധിക്കും. കൂടുതല്‍ സംഭാവനകള്‍ ടീമിനായി നല്‍കാനുള്ള മനോഭാവം ധോണിക്ക് ഇപ്പോഴുണ്ട്. ഇതൊക്കെയും ഞങ്ങള്‍ക്ക് നല്ല സൂചനങ്ങളാണ് നല്‍കുന്നത്.”- ഫ്ലെമിങ് കൂട്ടിച്ചേർത്തു.
2024 ഇന്ത്യൻ പ്രീമിയർ ലീഗ് ധോണിയുടെ അവസാന സീസണ് ആയിരിക്കുമെന്ന് പലരും ഇതിനോടകം തന്നെ വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ധോണി ഋതുരാജിനെ നായക സ്ഥാനം ഏല്‍പ്പിച്ചിരിക്കുന്നത്. ഏഷ്യൻ ഗെയിംസിലടക്കം ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് ഋതുരാജ്.ഒരു യുവതാരം എന്ന നിലയ്ക്ക് ഇതുവരെ ഐപിഎല്ലില്‍ മികവ് പുലർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഋതുരാജിനെ നായകനാക്കിയുള്ള ചെന്നൈയുടെ പരീക്ഷണം വിജയം കണ്ടാല്‍ വരും വർഷങ്ങളിലും ഋതുരാജ് തന്നെ ടീമിന്റെ നായകനായി തുടരാനാണ് സാധ്യത.