ആലപ്പുഴ : സിനിമാ നടനും നാടകരചയിതാവുമായ ലാലി മുട്ടാര്‍ (72) അന്തരിച്ചു. മുട്ടാര്‍ ശ്രാമ്പിക്കല്‍ കണിച്ചേരില്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള കുട്ടനാടിന്റെ നടനായ ലാലി മുട്ടാര്‍ മൂന്നു പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തില്‍ മൂന്നിറിലധികം സിനിമകളില്‍ വേഷം ചെയ്തിട്ടുണ്ട്. ശ്രദ്ധേയമായ പല സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബ്ലസിയുടെ കാഴ്ച, ഭ്രമരം തുടങ്ങിയ സിനിമകളിലും ജയറാം നായകനായ പാര്ത്ഥന് കണ്ട പരലോകം, ഗോഡ്ഫാദര് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
മഹാരാഷ്ട സ്റ്റേറ്റ് വോളിബോള്‍ പ്ലയര്‍, നെഹ്രുട്രോഫി അടക്കം നിരവധി ജലമേകളില് സ്റ്റാര്‍ട്ടര്‍ ആയും, മാസ്റ്റര്‍ ഓഫ്സെറിമണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൈതത്തോട് ജലോത്സവത്തിന്റെ ചീഫ് കോര്‍ഡിനേറ്ററും ആയിരുന്നു. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇന്‍സ്പെകടര്‍ ആയി വിരമിച്ച അദ്ദേഹം ചാസ്, പിതൃവേദി എന്നീ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനും നാട്ടിലെ എല്ലാ പൊതുവേദികളിലും സജീവ സാന്നദ്ധ്യവുമായിരുന്നു. ഭാര്യ. കുഞ്ഞുമോള്‍ ലാലി പായിപ്പാട് അടവിച്ചിറ കുടുംബാംഗമാണ്. മക്കള്‍. ലിജു (മാനേജര്‍, മാക്സ് ലൈഫ് കോട്ടയം), ഫാ. ലൈജു കണിച്ചേരില്‍ (ചങ്ങനാശ്ശേരി മീഡിയാ വില്ലേജ് മാക് ടിവി ഡയറക്ടര്‍). മരുമകള്‍. എമിലി രാമങ്കരി കഞ്ഞിക്കര കുടുംബാംഗമാണ്.