കൊച്ചി : ഓണ്‍ലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വൻതുക തട്ടിയ കേസില്‍ രണ്ട് യുവാക്കളെ അറസ്റ്റുചെയ്തു.തൃപ്രയാർ കെ.കെ. കോംപ്ലക്‌സില്‍ താമസിക്കുന്ന തോപ്പുംപടി പനയപ്പിള്ളി മൂണ്‍പീസില്‍ മുഹമ്മദ് നിജാസ് (25), വലപ്പാട് നാട്ടിക പൊന്തേരവളപ്പില്‍ മുഹമ്മദ് സമീർ (34) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ സൈബർ ടീം പിടികൂടിയത്. ആലുവ ചൂണ്ടി സ്വദേശിയില്‍നിന്ന് 33.5 ലക്ഷത്തോളം രൂപയാണ് പിടിയിലായവർ കണ്ണികളായിട്ടുള്ള വൻസംഘം തട്ടിയെടുത്തത്. അഞ്ച് ഇടപാടുകളിലൂടെയാണ് ഇയാള്‍ തുക നിക്ഷേപിച്ചത്. ആദ്യഗഡു നിക്ഷേപിച്ചപ്പോള്‍ ലാഭവിഹിതമെന്ന് പറഞ്ഞ് 5000 രൂപ നല്‍കി.
ആദ്യഘട്ടത്തില്‍ ബ്ലോക്ക് ട്രേഡിംഗ് അക്കാഡമി എന്ന ലിങ്കിലൂടെ 200ലേറെ അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേർക്കുകയും കമ്ബനികളുടെ ഷെയർ വാങ്ങിക്കുന്നതിന് നിർദ്ദേശിക്കുകയുമായിരുന്നു. എല്ലാ ദിവസവും 350 ശതമാനം ലാഭമാണ് വാഗ്‌ദാനം ചെയ്തിരുന്നത്. അതിനുശേഷം ബാങ്കിന്റെയും വ്യക്തിഗത വിവരങ്ങളും അയക്കുന്നതിന് ലിങ്കും നല്‍കി. കമ്ബനിയുടെ പേരിലുള്ള വെബ്‌സൈറ്റില്‍ അക്കൗണ്ടും അതില്‍ അയയ്ക്കുന്ന തുകയും ലാഭവും രേഖപ്പെടുത്തിയിരുന്നു. പണം നിക്ഷേപിക്കുന്നതിന് വ്യത്യസ്ത അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്. അതിലേക്കാണ് അഞ്ചു പ്രാവശ്യമായി ചൂണ്ടി സ്വദേശി തുക നല്‍കിയത്. വൻതുക ലാഭം നല്‍കുമെന്നു പറഞ്ഞ് വീണ്ടും തുക നിക്ഷേപിക്കാൻ നിർബന്ധിച്ചപ്പോഴാണ് തട്ടിപ്പ് ബോദ്ധ്യമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിക്ഷേപിച്ച ലക്ഷങ്ങളും സംഘം പറഞ്ഞ ലാഭവും തിരികെയെടുക്കാൻ കഴിയാതായതോടെ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടർന്ന് സൈബർ ടീം നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ പിടികൂടിയത്.