കോട്ടയം : സ്കൂള്‍ യൂണിഫോമിനായി തുണി നെയ്തു നല്കിയ നെയ്ത്തുകാരെ കൂലി കൊടുക്കാതെ പറ്റിച്ച് സര്‍ക്കാര്‍. കൈത്തറി വികസന കോര്പറേഷന് കീഴില്‍ ജോലി ചെയ്യുന്ന നെയ്ത്തുകാര്‍ക്ക് പത്തു മാസത്തെ വേതന കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുളളത്. വേതനത്തിനു പുറമേ ക്ഷേമപെന്ഷന് കൂടി മുടങ്ങിയതോടെ കടുത്ത ജീവിത പ്രതിസന്ധിയിലാണ് സാധാരണക്കാരായ തൊഴിലാളികള്‍.
കോട്ടയം കിടങ്ങൂര്‍ ഹാന്‍വീവ് സെന്ററിനു കീഴിലെ നെയ്ത്തു തൊഴിലാളിയായ കേശവന് നായര്‍. വയസ് 74 കഴിഞ്ഞു. ഈ പ്രായത്തിലും ഇങ്ങനെ കഷ്ടപ്പെട്ട് പണിയെടുത്താണ് കേശവന്‍നായരുടെയും ഭാര്യയുടെയും ഉപജീവനം. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം തയ്ക്കാനായി തുണി നെയ്തു നല്കിയ നെയ്ത്തുകാരുടെ കൂട്ടത്തില്‍ കേശവന്‍നായരും ഉണ്ടായിരുന്നു. പക്ഷേ തുണി വാങ്ങിക്കൊണ്ടു പോയി വീമ്പു പറയാന്‍ കാട്ടിയ വെമ്പലൊന്നും കേശവന് നായരെ പോലുളള പാവം തൊഴിലാളികള്‍ക്ക് പണം നല്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഇല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023 ജൂണ്‍ മാസത്തിനു ശേഷം ഇവര്‍ക്കാര്‍ക്കും എടുത്ത പണിയുടെ കൂലി കിട്ടിയിട്ടില്ല. സംസ്ഥാനമെമ്പാടുമായി ഏതാണ്ട് ആറായിരത്തോളം തൊഴിലാളികള്‍ ഇവരെ പോലും എടുത്ത പണിക്ക് കൂലി കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്. ക്ഷേമനിധിയിലേക്ക് ഇവരില്‍ നിന്നൊക്കെ കൃത്യമായി പണം പിരിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ക്ഷേമ പെന്ഷന് മുടങ്ങിയിട്ടും മാസം ഏഴു കഴിഞ്ഞു. തൊഴിലാളികളില്‍ ഏറിയ പങ്കും വയോധികരാണ്.
പണിയെടുത്ത് കിട്ടുന്ന കാശിനപ്പുറം നിത്യചെലവിന് വേറെ വരുമാന മാര്‍ഗമൊന്നും ഇല്ലാത്തവര്‍. മന്ത്രി മുതല്‍ താഴോട്ട് പല തട്ടുകളില്‍ പരാതി പറഞ്ഞ് മടുത്തിരിക്കുന്നു ഇവര്‍. ഇതിനിടയില്‍ കഴിയുന്ന പോലെ പ്രതിഷേധങ്ങളും നടത്തി നോക്കി. പ്രയോജനമുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിന്റെ പേരിലെങ്കിലും കിട്ടാനുളള കാശ് കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകുമെന്ന പ്രതീക്ഷയില്‍ ഈ പാവം മനുഷ്യരുടെ കാത്തിരിപ്പ് തുടരുകയാണ്.