ലഖ്നൗ : ഉത്തർപ്രദേശിലെ മീററ്റില്‍ മൊബൈല്‍ ഫോണ്‍ ചാർജർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം.ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നിവരാണ് മരിച്ചത്. രണ്ട് പേർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടനെയും രണ്ട് കുട്ടികള്‍ ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അപകട സമയം കുട്ടികള്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു. മാതാപിതാക്കള്‍ ഈ സമയം അടുക്കളയിലായിരുന്നു. പെട്ടെന്നായിരുന്നു അകത്തെ മുറിയില്‍ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. ഇരുവരും ഓടിയെത്തിയപ്പോഴേക്കും മുറിയില്‍ തീയും പുകയും നിറഞ്ഞിരുന്നു. കിടക്കയിലേക്ക് അതിവേഗം തീ പടർന്നതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് അറിയിച്ചു.
മൊബൈല്‍ ചാർജ് ചെയ്യുന്നതിനായി കട്ടിലിലാണ് വച്ചിരുന്നത്. ബെഡിലേക്ക് പടർന്ന തീയില്‍ നിന്ന് കുട്ടികള്‍ക്ക് വലിയ തോതില്‍ പൊള്ളലേറ്റു. എല്ലാവരെയും ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു കുട്ടികള്‍ വൈകാതെ മരിച്ചു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളും ചികിത്സയിലാണ്. 60 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റ മാതാവ് ബബിതയെ (35) ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.പിതാവ് ജോണിയും (39) ചികിത്സയിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.