ഗസ്സയില്‍ ആശുപത്രികള്‍ക്ക് നേരെ വ്യാപക ആക്രമണം; 24 മണിക്കൂറിനിടെ 84 മരണം

ഗസ്സ: അല്‍ശിഫക്കു നേരെയുള്ള ക്രൂരമായ നടപടികള്‍ക്കു പിന്നാലെ അല്‍നാസർ, അല്‍ അമല്‍ ആശുപത്രികള്‍ക്കുനേരെയും ഇസ്രായേല്‍ ആക്രമണം.ആശുപത്രികള്‍ക്കുനേരെ കനത്ത ബോംബാക്രമണവും വെടിവെപ്പും തുടരുകയാണ്. രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരും ഉള്‍പ്പെടെ ആയിരങ്ങളാണ് മൂന്നിടങ്ങളിലും മരണഭയത്തില്‍ കഴിഞ്ഞുകൂടുന്നത്. പട്ടിണിക്കു പിന്നാലെ ആരോഗ്യ സംവിധാനം പൂർണമായും തകർത്ത് ആസൂത്രിത വംശഹത്യക്കുള്ള പദ്ധതിയാണ് ഇസ്രായേല്‍ ആവിഷ്കരിച്ചു വരുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ആശുപത്രികള്‍ക്കു നേരെയുള്ള ആക്രമണം ഉപേക്ഷിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവർത്തിച്ചുള്ള അപേക്ഷയും ഇസ്രായേല്‍ തള്ളുകയാണ്. റഫയിലെ അഞ്ച് വസതികളില്‍ ഇന്നലെ നടത്തിയ ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 27 പേർ കൊല്ലപ്പെട്ടത്. പിന്നിട്ട 24 മണിക്കൂറിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ 84 പേർകൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 32,226 ആയി. പരിക്കേറ്റവരുടെ എണ്ണം 74,518 ആണ്. ഖാൻ യൂനിസ്, റഫ, ദൈർ അല്‍ ബലാഹ് എന്നിവിടങ്ങളിലും കഴിഞ്ഞദിവസം ശക്തമായ ബോംബാക്രമണം നടന്നു. 

Advertisements

ദേർ അല്‍ ബലാഹില്‍ മാത്രം 10 പേർ കൊല്ലപ്പെട്ടു. ബന്ദി മോചനം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ ആയിരങ്ങള്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തി. ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധങ്ങള്‍ യൂറോപ്പിലുടനീളം തുടരുന്നുണ്ട്. പട്ടിണിയിലായ ഗസ്സയിലേക്ക് മാനുഷിക സഹായ പ്രവാഹം ഉണ്ടാകണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭക്ഷണം കാത്തുനിന്നവർക്കു നേരെ ഇന്നലെയും ഇസ്രായേല്‍ ആക്രമണം നടത്തി. ഏതാനും പേർ മരിച്ചതായാണ് റിപ്പോർട്ടുകള്‍. റഫ ആക്രമണത്തില്‍ നിന്ന് പിന്മാറണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവശ്യപ്പെട്ടു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ അമേരിക്കൻ സന്ദർശന പശ്ചാത്തലത്തിലാണ് കമലാ ഹാരിസിന്റെ അഭ്യർഥന. ആക്രമണം നിർത്താതെ ബന്ദിമോചനം ഉണ്ടാകില്ലെന്ന് ഹമാസ് നേതൃത്വം അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.