കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി. ആദിവാസികള്‍ക്ക് പതിച്ചു നല്കിയ ചെന്നായ് കവലയിലെ ഭൂമിയില്‍ നിന്നാണ് 50ലധികം മരങ്ങള്‍ മുറിച്ചത്. 30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി. മരങ്ങളും കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടികൂടി. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലാണ് അനധികൃത മരംമുറി.
വനംവകുപ്പ് നടത്തിയ പരിശോധനയിൽ മരം മുറി കണ്ടെത്തുകയായിരുന്നു. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങളാണ് മുറിച്ചു കടത്തിയത്. സംഭവത്തിൽ ആറു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് , വയനാട് സ്വദേശികളാണ് പ്രതികൾ. മരം കടത്താൻ ഉപയോഗിച്ച് ലോറിയാണ് പിടിച്ചെടുത്തത്. 3000 ത്തോളം ഏക്കർ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്. സ്ഥലത്ത് വനംവകുപ്പിന്റെ പരിശോധന തുടരുകയാണ്.