എരുമേലി : ഓട്ടോറിക്ഷയിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിൽ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.എരുമേലി ചേനപ്പാടി പുറപ്പ ഭാഗത്ത് പുറയാറ്റിൽ വീട്ടിൽ സെബാസ്റ്റ്യൻ ദേവസ്യ (53) എന്നയാളാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓട്ടോറിക്ഷയിൽ അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ ചേനപ്പാടി പുറപ്പ ഭാഗത്ത് നിന്ന് ഓട്ടോറിക്ഷയിൽ വിദേശമദ്യവുമായി എരുമേലി പോലീസ് പിടികൂടുന്നത്. ഒരു ലിറ്റര്‍ കൊള്ളുന്ന മൂന്ന് കുപ്പികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത് . ഒരു കുപ്പി വില്പന നടത്തുന്നതിനായി വെളിയില്‍ വച്ചിരിക്കുകയും, മറ്റ് രണ്ടു കുപ്പികൾ സീറ്റിനടിയില്‍ നിന്നുമായാണ് പോലീസ് കണ്ടെടുത്തത്. കൂടാതെ വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 2800 രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തു. എരുമേലി സ്റ്റേഷൻ എസ്.ഐ മാരായ ജോസി എം ജോൺസൺ, മുഹമ്മദ് റിയാസുദ്ദീൻ, എ.എസ്.ഐ സിബി മോൻ, സി.പി.ഓ അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയില്‍ ഹാജരാക്കി.